ജമ്മു കശ്മീർ ജനത
ജമ്മു കശ്മീർ ജനത

നാല് വർഷമായി കേന്ദ്ര ഭരണം, പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് മൂന്നു വർഷം; തിരഞ്ഞെടുപ്പ് കാത്ത് ജമ്മു കശ്മീർ

പിഡിപി - ബിജെപി സഖ്യം നയിച്ച സർക്കാർ വീണതിനു പിന്നാലെ 2018 മുതൽ കേന്ദ്ര ഭരണത്തിലാണ് കശ്മീർ
Updated on
3 min read

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുനഃപരിശോധിക്കുന്നതിനുള്ള സമയപരിധി നീട്ടിയതിനാൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മങ്ങുകയാണ്. ഒക്ടോബർ 31ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നായിരുന്നു കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത് നവംബർ 25ലേക്കാണ് നീട്ടിയത്. ഈ വർഷം അവസാനം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാൽ തീയതി നീട്ടിയതോടെ തിരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറാനുള്ള സാധ്യതയേറി. 2018 മുതൽ കേന്ദ്ര ഭരണത്തിലാണ് കശ്മീർ. 2019ല്‍ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.

അതേസമയം, മണ്ഡല പുനർ നിർണയ നടപടികൾ അവസാനിച്ച ശേഷം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്നത്. 2023ലേക്ക് തിരഞ്ഞെടുപ്പ് നീട്ടുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. 2024ല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍, 2023ലെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ പൊതു തിരഞ്ഞെടുപ്പിനെയാകെ അത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2020 ഡിസംബറിൽ ജില്ലാ വികസന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അഭിപ്രായം ഉയരുന്നത്. കൗൺസില്‍ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 220 സീറ്റിൽ പകുതിയിലേറെയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശികകക്ഷികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യമാണ് നേടിയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 75 സീറ്റ് മാത്രമാണ് കിട്ടിയത്. അതിനാല്‍ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള പരിശ്രമങ്ങളിലാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, അത് എത്രത്തോളം സാധ്യമാകുമെന്ന സംശയം ബാക്കിയാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ നടക്കുന്ന മൂന്നാമത്തെ ഏറ്റവും ദൈർഘ്യമേറിയ ബ്യൂറോക്രാറ്റിക് ഭരണമാണ് ജമ്മു കശ്മീരിലേത്.

2020 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, മണ്ഡല പുനർ നിർണയ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. “ജമ്മു കശ്മീരിൽ ഡീലിമിറ്റേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിന് സ്വന്തം മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. ഞങ്ങൾ ഇതിന് പ്രതിജ്ഞാബദ്ധരാണ്”- എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 2021 ജൂൺ 24ന് ഡൽഹിയിൽ കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായി ചേർന്ന സർവകക്ഷി യോഗത്തിനു ശേഷവും പ്രധാനമന്ത്രി ഇതേ ഉറപ്പ് നൽകിയിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് നടക്കുന്ന യുവതികൾ
സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് നടക്കുന്ന യുവതികൾ (ചിത്രത്തിന് കടപ്പാട്)

പിഡിപി - ബിജെപി സഖ്യം നയിച്ച സർക്കാർ വീണതിനു പിന്നാലെയാണ്, 2018 മുതൽ കശ്മീർ കേന്ദ്ര ഭരണത്തിലായത്. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം മോശമായെന്ന് ചൂണ്ടിക്കാട്ടി മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിക്കുകയായിരുന്നു. 2019 ഓഗസ്റ്റ് 5ന് ആണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു. അതോടെ, ഭരണഘടനയിലെ 370 വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവിയും ഇല്ലാതാക്കി.

നാല് വർഷത്തെ ബ്യൂറോക്രാറ്റിക് ഭരണം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ നടക്കുന്ന മൂന്നാമത്തെ ഏറ്റവും ദൈർഘ്യമേറിയ ബ്യൂറോക്രാറ്റിക് ഭരണമാണ് ജമ്മു കശ്മീരിലേത്. 1990 ജനുവരി 19 മുതൽ 1996 ഒക്ടോബർ 9 വരെ (ആറ് വർഷവും 264 ദിവസവും) ആയിരുന്നു ജമ്മു കശ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രപതി ഭരണം നടന്ന കാലം. ആയുധപരിശീലനത്തിനായി ആയിരക്കണക്കിന് ചെറുപ്പക്കാർ നിയന്ത്രണ രേഖ കടന്നപ്പോൾ സംസ്ഥാനത്ത് സുരക്ഷാ സ്ഥിതി വഷളായ സാഹചര്യത്തിലായിരുന്നു അന്ന് നടപടികള്‍ നീണ്ടത്. 1987 ജൂൺ 11 മുതൽ 1992 ഫെബ്രുവരി 25 വരെ പഞ്ചാബിൽ നിലനിന്ന രാഷ്ട്രപതി ഭരണമാണ് രണ്ടാമത്തെ ദൈർഘ്യമേറിയ കാലയളവ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക്

2018 നവംബർ 21ന് ഗവർണർ സത്യപാൽ മാലിക് ജമ്മു കശ്മീർ അസംബ്ലി പിരിച്ചുവിട്ടശേഷം, ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാകില്ലെന്ന് 2019ൽ കമ്മീഷന്‍ അറിയിച്ചു. അത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള വിമർശനത്തിനും ഇടയാക്കി. പിന്നീട് സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും എപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്ന് നിർദ്ദേശിക്കുന്നതിനുമായി കമ്മീഷൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും, അവര്‍ നിർദേശങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാല്‍ മണ്ഡല പുനർ നിർണയം പൂര്‍ത്തിയായെങ്കിലും അന്തിമ വോട്ടര്‍ പട്ടിക ആയിട്ടില്ല.

2019 ഓഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത് മണ്ഡല പുനർ നിർണയത്തിന് വഴിയൊരുക്കി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ജമ്മു കശ്മീർ നിയമസഭയുടെയും പാർലമെന്ററി വിഭാ​ഗങ്ങളുടെയും മണ്ഡല പുനർ നിർണയം പൂർത്തിയാക്കാൻ രണ്ട് വർഷവും രണ്ട് മാസവും എടുത്തു. ഹിന്ദു ഭൂരിപക്ഷ ജമ്മുവിന് ആറ് പുതിയ സീറ്റുകളും മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീരിന് ഒരു സീറ്റും മാത്രം നൽകി മണ്ഡല പുനർ നിർണയ കമ്മീഷൻ അന്തിമ ഉത്തരവിറക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ ബിജെപിക്ക് അനുകൂലമായി ജമ്മു മേഖലയിൽ കൂടുതൽ സീറ്റനുവദിച്ചാണ് മണ്ഡല പുനർ നിർണയം നടന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു.

ജമ്മു കശ്മീരിന്റെ പുതിയ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ ജമ്മു മേഖലയിലെ 43 സീറ്റുകളിൽ 34 എണ്ണം ഹിന്ദു ഭൂരിപക്ഷ വിഭാഗങ്ങളാണ്. ജമ്മു മേഖലയിലെ മുസ്ലീം പ്രാധാന്യം കുറയ്ക്കുന്ന തരത്തിലായിരുന്നു മണ്ഡല പുനർ നിർണയം. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിലെ നിയമസഭാ മണ്ഡലങ്ങൾ ആറ് പുതിയ സീറ്റുകൾ കൂടി ചേർത്തതോടെ 37ൽ നിന്ന് 43 ആയി ഉയർന്നു. കശ്മീരിലെ സീറ്റുകളുടെ എണ്ണം 46ൽ നിന്ന് 47 ആയും ഉയർന്നു.

''ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് തന്നെയാണ് ജമ്മു കശ്മീർ ജനതയുടെ പ്രതീക്ഷ''
സയ്യിദ് ബഷാരത്ത് ബുഖാരി - ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ്

അതേസമയം ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ആളുകൾ തെരുവിലിറങ്ങുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സയ്യിദ് ബഷാരത്ത് ബുഖാരി പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് തന്നെയാണ് ജമ്മു കശ്മീർ ജനതയുടെ പ്രതീക്ഷ. കഴിഞ്ഞ നാല് വർഷമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ കഴിഞ്ഞു എന്നത് ദൗർഭാ​ഗ്യകരമാണ്. ബ്യൂറോക്രാറ്റിക് ഭരണത്തിൻ കീഴിൽ ജമ്മു കശ്മീർ പുരോഗമിച്ചുവെന്നും അഭിവൃദ്ധി പ്രാപിച്ചുവെന്നും അവർ അവകാശപ്പെടുന്നുവെങ്കിൽ പുരോഗതിയുടെ പാതയിൽ എത്തിക്കാൻ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും ഇല്ലാതായിട്ടും, ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് അനിശ്ചിതത്വം തുടരുന്നത്. 370-ാം വകുപ്പ് റദ്ദാക്കിയശേഷം വലിയ രാഷ്ട്രീയ മുന്നേറ്റങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. 2021 ജൂൺ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് ആകെയുണ്ടായ രാഷ്ട്രീയ നീക്കം.

logo
The Fourth
www.thefourthnews.in