ഹിമാചലില്‍ കോടീശ്വരന്മാരുടെ പോരാട്ടം; സ്ഥാനാര്‍ഥികളില്‍ പകുതിയിലധികവും കോടിപതികള്‍, മുന്നില്‍ കോണ്‍ഗ്രസ്

ഹിമാചലില്‍ കോടീശ്വരന്മാരുടെ പോരാട്ടം; സ്ഥാനാര്‍ഥികളില്‍ പകുതിയിലധികവും കോടിപതികള്‍, മുന്നില്‍ കോണ്‍ഗ്രസ്

68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അവരില്‍ 226 പേര്‍, അതായത് 55 ശതമാനം കോടീശ്വരന്മാരാണ്
Updated on
2 min read

ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ പകുതിയിലേറെയും കോടിപതികള്‍. 68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അവരില്‍ 226 പേര്‍, അതായത് 55 ശതമാനം കോടീശ്വരന്മാരാണ്. കോണ്‍ഗ്രസ് ആണ് കോടിപതികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ഭരണകക്ഷിയായ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 90 ശതമാനവും കോടിപതികളാണ്. ബിജെപിയില്‍ 82 ശതമാനമാണ് കോടിപതികള്‍. ആം ആദ്മി പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്, 52 ശതമാനം. സിപിഎം സ്ഥാനാര്‍ഥികളില്‍ 36 ശതമാനമാണ് കോടിപതികള്‍. 25 ശതമാനം കോടിപതികളുമായി ബിഎസ്പിയാണ് തൊട്ടടുത്ത സ്ഥാനത്തെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോടിപതികളില്‍ മുന്നില്‍ ഷിംലയിലെ ചോപ്പല്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ബല്‍വീര്‍ സിങ് വര്‍മയാണ്. 128 കോടിയാണ് ആസ്തി.

68 മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 61 സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. ബിജെപിയുടെ 56 സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. 67 സീറ്റുകളില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 53 സ്ഥാനാര്‍ഥികള്‍ കോടീശ്വരന്മാരാണ്. 53 സീറ്റുകളില്‍ മത്സരിക്കുന്ന ബിഎസ്പിയില്‍നിന്ന് 13 പേരും, സിപിഎം പട്ടികയിലെ നാലുപേരും കോടിപതികളാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 45 പേരാണ് കോടീശ്വരന്മാര്‍.

കോടിപതികളില്‍ മുന്നില്‍ ഷിംലയിലെ ചോപ്പല്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ബല്‍വീര്‍ സിങ് വര്‍മയാണ്. 128 കോടിയാണ് ബല്‍വീര്‍ സിങ്ങിന്റെ ആസ്തി. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനും ഷിംല റൂറലിലെ സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിങ്ങാണ് രണ്ടാമത്, ആസ്തി 101 കോടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി എസ് ബാലിയുടെ മകനും നഗ്രോത മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ആര്‍ എസ് ബാലിക്ക് 96.36 കോടിയുടെ ആസ്തിയുണ്ട്.

വീണ്ടും മത്സരിക്കുന്ന 58 എംഎല്‍എമാരില്‍ 49 പേരുടെ, അതായത് 84 ശതമാനം പേരുടെ ആസ്തി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

കോടിപതികളില്‍ 66 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. അതില്‍ തിയോഗില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയാണ് മുന്നില്‍. 30 ക്രിമിനല്‍ കേസുകളാണ് രാകേഷിനെതിരെ ഉള്ളത്. കസുമാപ്തി മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന സിപിഎമ്മിന്റെ കുല്‍ദീപ് സിങ് തന്‍വാര്‍ 20 കേസുകളുമായി രണ്ടാം സ്ഥാനത്തും വിക്രമാദിത്യ സിങ് 11 ക്രിമിനല്‍ കേസുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

വീണ്ടും മത്സരിക്കുന്ന 58 എംഎല്‍എമാരില്‍ 49 പേരുടെ, അതായത് 84 ശതമാനം പേരുടെ ആസ്തി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒന്‍പത് എംഎല്‍എമാരുടെ ആസ്തി മാത്രമാണ് നാല് ശതമാനം മുതല്‍ 37 ശതമാനം ഇടിഞ്ഞിട്ടുള്ളൂ. വീണ്ടും മത്സരിക്കുന്ന 58 എംഎല്‍എമാരുടെ ആസ്തിയുടെ ശരാശരി 2017ല്‍ 9.30 കോടിയായിരുന്നു. ഇക്കുറി അത് 12.08 കോടിയായാണ് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2.77 കോടി, അതായത് 30 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയില്‍ വീണ്ടും മത്സരിക്കുന്ന 35 സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 7.25 കോടിയില്‍നിന്ന് 10.46 കോടിയായി വര്‍ധിച്ചു. കോണ്‍ഗ്രസില്‍ 20 സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 13.01 കോടിയില്‍നിന്ന് 15.31 കോടിയായും വര്‍ധിച്ചു.

logo
The Fourth
www.thefourthnews.in