ദേശീയതല പൊതുപരീക്ഷ മാനദണ്ഡമാക്കി; ഡല്‍ഹിയിലെ കോളേജുകളില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ നാലിലൊന്നായി കുറഞ്ഞു

ദേശീയതല പൊതുപരീക്ഷ മാനദണ്ഡമാക്കി; ഡല്‍ഹിയിലെ കോളേജുകളില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ നാലിലൊന്നായി കുറഞ്ഞു

ഓരോ വര്‍ഷവും അയ്യായിരത്തിലേറെ സീറ്റുകളില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നിടത്ത് ഇത്തവണയുള്ളത് ആയിരത്തില്‍ താഴെ മാത്രം
Updated on
1 min read

കേരള സിലബസ് പഠിച്ച് ഡല്‍ഹിയിലെ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്. പ്രവേശനത്തിനായി ദേശീയതല പൊതുപരീക്ഷ മാനദണ്ഡമാക്കിയതോടെയാണ് വിദ്യാര്‍ഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞത്. ഓരോ വര്‍ഷവും അയ്യായിരത്തിലേറെ സീറ്റുകളില്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്ന ഡല്‍ഹി കോളേജുകളില്‍ ഇത്തവണ പ്രവേശനം നേടിയത് ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ്.

ഡല്‍ഹിയിലെ 92 കോളേജുകളിലായി 70000 ബിരുദ സീറ്റുകളാണുള്ളത്. ഇവയില്‍ 2500 മലയാളികള്‍ പ്രതിവര്‍ഷം പ്രവേശനം നേടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 1890 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കട്ട് ഓഫ് മാര്‍ക്കിനു പകരം പൊതുപരീക്ഷയിലെ മാര്‍ക്കാണ് പ്രവേശനത്തിന്റെ മാനദണ്ഡമായി കണക്കാക്കിയത്. അതിനാല്‍ തന്നെ സിബിഎസ്ഇക്കാര്‍ക്കായി മുന്‍തൂക്കം.

ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ ഇത്തവണ പ്രവേശനം നേടിയവരില്‍ 50 ശതമാനവും പ്ലസ് ടു വിന് സിബിഎസ്ഇ പഠിച്ചവരാണ്. 50941 സിബിഎസ്ഇ വിദ്യാര്‍ഥികളാണ് പൊതു പരീക്ഷയിലൂടെ പ്രവേശനം നേടിയത്. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയുടേതിന് സമാനമായ രീതിയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യപ്പേപ്പറുകള്‍ ആയതോടെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പാസാകാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല.

ഇത്തരം ചോദ്യപ്പേപ്പറുകള്‍ പരിചിതമല്ലാത്തത് കേരള സിലബസ് വിദ്യാര്‍ഥികളെ വെട്ടിലാക്കി. പരീക്ഷാകേന്ദ്രങ്ങളില്‍ വന്ന മാറ്റവും മഴ കാരണം പരീക്ഷമാറ്റി വെച്ചതും കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.

2021ല്‍ 120 വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹിന്ദു കോളേജില്‍ പ്രവേശനം നേടിയപ്പോള്‍ ഈ വര്‍ഷം ഒരാള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. അംബേദ്കര്‍ സര്‍വകലാശാലയിലെയും സ്ഥിതി വ്യത്യസ്തമല്ല. കേരള സിലബസിലെ 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ച സര്‍വകലാശാലയില്‍ ഇത്തവണ പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ജാമിയ മിലിയ സര്‍വകലാശാലയിലാകട്ടെ കഴിഞ്ഞ ബാച്ചില്‍ നാല് വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് ഒന്നായി ചുരുങ്ങി.

logo
The Fourth
www.thefourthnews.in