ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമല്ല; യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി
ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമല്ലെന്ന് മുംബൈ കോടതി. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം (ഡിവി ആക്റ്റ്) പ്രകാരം പരാതി നൽകിയ ഭാര്യയുടെ ഹർജിയാണ് മുംബൈ കോടതി തള്ളിയത്.
നേരത്തെ ആരോപണവിധേയനെ കുറ്റവിമുക്തനാക്കി കൊണ്ട് മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയായിരുന്നു ഭാര്യ മുംബൈയിലെ ദിൻദോഷിയിലെ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ മജിസ്ട്രേറ്റിന്റെ വിധി സെഷൻസ് കോടതി ജഡ്ജി ആശിഷ് അയാചിത് ശരിവെയ്ക്കുകയായിരുന്നു.
ദമ്പതികൾ ഭർത്താവിന്റെ അമ്മയിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയതിന് ശേഷവും ഭർത്താവ് പതിവായി അമ്മയെ കാണാറുണ്ടെന്നും അവര്‍ ഭർത്താവിനോട് പണം ആവശ്യപ്പെടാറുണ്ടെന്നുമായിരുന്നു യുവതി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ പരാതിയിൽ പറഞ്ഞത്.
'ഭർത്താവ് അമ്മയ്ക്ക് സമയവും പണവും നൽകുന്നുവെന്നതാണ് ഹർജിക്കാരിയുടെ പരാതിയെന്ന് തെളിവുകളിൽ നിന്നും വെളിപ്പെട്ടു, ഇത് ഗാർഹിക പീഡനമായി കണക്കാക്കാനാവില്ല' എന്നായിരുന്നു സെഷൻസ് കോടതി പറഞ്ഞത്.
1992 മെയ് മാസം വിവാഹിതരായ ഇരുവരും 2014 ജനുവരിയിൽ വിവാഹമോചനം നേടിയിരുന്നു. ഭർത്താവും അമ്മായിയമ്മയും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നഷ്ടപരിഹാരം തേടിയാണ് യുവതി പരാതി നൽകിയത്. ഭർത്താവിൻറെ അമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതു മറച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.
1996 നും 2004 നും ഇടയിൽ ഭർത്താവ് വിദേശത്ത് ജോലി ചെയ്തിരുന്നപ്പോൾ അമ്മയ്ക്ക് പണം അയച്ചുകൊടുക്കാറുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. തനിക്ക് സംരക്ഷണവും, താമസവും, ധനസഹായവും നൽകണമെന്നും യുവതി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജി മജിസ്ട്രേറ്റ് നിരസിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരി സെഷൻസ് കോടതിയെ സമീപിച്ചത്.
വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നോട്ടീസ് നൽകിയതിന് ശേഷമാണ് ഭർത്താവിനെതിരെ പരാതിക്കാരി നടപടികൾ ആരംഭിച്ചതെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. അതേസമയം തന്നെ ഒരിക്കലും ഭർത്താവായി യുവതി കണ്ടിരുന്നില്ലെന്നും നിരന്തരം തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. ഭാര്യയുടെ ക്രൂരതകൾ കാരണമാണ് താൻ വിവാഹമോചനം നേടിയതെന്നും ഇയാൾ കോടതിയെ അറിയിച്ചു.
തന്റെ എൻആർഇ അക്കൗണ്ടിൽ നിന്ന് താനറിയാതെ ഭാര്യ ലക്ഷങ്ങൾ പിൻവലിക്കുകയും ആ തുക ഉപയോഗിച്ച് ഒരു ഫ്‌ളാറ്റ് വാങ്ങിയതായും യുവാവ് ആരോപിച്ചു. പണം പിൻവലിച്ച കാര്യം യുവതി കോടതിയിൽ സമ്മതിച്ചതോടെ യുവാവ് സാമ്പത്തിക സഹായമൊന്നും നൽകുന്നില്ലെന്ന ആരോപണം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഗാർഹിക പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്നതിൽ യുവതി പരാജയപ്പെട്ടുവെന്നും ഈ കാരണത്താൽ വിചാരണ കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്നും സെഷൻസ് കോടതി പറഞ്ഞു.