വിവാഹത്തിന് മുൻപ് ചിരിയുടെ ഭംഗികൂട്ടാന്‍ ശസ്ത്രക്രിയ; അനസ്തീഷ്യ ഡോസ് അധികമായി നവവരന്‍ മരിച്ചു
വിവാഹത്തിനു മുന്നോടിയായി ചിരിയുടെ ഭംഗി കൂട്ടാനുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയനായ നവവരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ്‍ (28) ആണ് മരിച്ചത്. ഹൈദരാബാദിലെ ദന്താശുപത്രിയില്‍ ഫെബ്രുവരി 16-നായിരുന്നു സംഭവം. അമിതമായി അനസ്തീഷ്യ കുത്തിവച്ചതിനെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
വിവാഹം ഉറപ്പിച്ചിരുന്ന ലക്ഷ്മി നാരായണ്‍ സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ദന്താശുപത്രിയിലെത്തിയത്. വൈകുന്നേരമായിട്ടും തിരിച്ചു വരാതിരുന്നതിനെത്തുടര്‍ന്ന് അച്ഛന്‍ ലക്ഷ്മിനാരായണന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍, ആശുപത്രി സ്റ്റാഫാണ് ഫോണെടുത്തത്. ശസ്ത്രക്രിയക്കിടെ ലക്ഷ്മി നാരായണ്‍ അബോധാവസ്ഥയിലായെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് ലക്ഷ്മിനാരായണ്‍ ആശുപത്രിയില്‍ എത്തിയത്. 4.30-ന് അനസ്തീഷ്യ നല്‍കി. രാത്രി ഏഴോടെ ഇദ്ദേഹത്തെ ജൂബിലി ഹില്ലിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദന്താശുപത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
അനസ്തീഷ്യ ഡോസ് അമിതമായതാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. അന്വേഷണം ആരംഭിച്ച പോലീസ്, ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ലക്ഷ്മി നാരായണന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.