പവൻ ഖേഡ
പവൻ ഖേഡ

'ഇന്ത്യ'യുടേത് നിസ്സഹകരണം മാത്രം; വാർത്ത അവതാരകരെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ്

ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് നല്ലതല്ലെന്ന് നാളെ അവർ തിരിച്ചറിഞ്ഞാൽ പരിപാടികളിൽ വീണ്ടും പങ്കെടുക്കും
Updated on
1 min read

ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് 14 വാർത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള 'ഇന്ത്യ' സഖ്യത്തിന്റെ തീരുമാനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേഡ. ആരെയും ബഹിഷ്കരിക്കുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും 'ഇന്ത്യ'യുടേത് നിസ്സഹകരണം മാത്രമാണെന്നും പവൻ ഖേഡ പറഞ്ഞു. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ വിശദീകരണം.

"ഞങ്ങൾ ആരെയും നിരോധിക്കുകയോ ബഹിഷ്‌കരിക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്തിട്ടില്ല. സമൂഹത്തിൽ വിദ്വേഷം പരത്തുന്ന ആരോടും ഞങ്ങൾ സഹകരിക്കില്ല. അവർ ഞങ്ങളുടെ ശത്രുക്കളല്ല. അവർ ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് നല്ലതല്ലെന്ന് നാളെ തിരിച്ചറിഞ്ഞാൽ അവരുടെ പരിപാടികളിൽ വീണ്ടും പങ്കെടുക്കും" പവൻ ഖേഡ വ്യക്തമാക്കി. രാജ്യത്തെ വിവിധ വാർത്ത ചാനലുകളിലെ 14 അവതാരകർ നയിക്കുന്ന ചർച്ചകളിലോ വാർത്താ പരിപാടികളിലോ ഇന്ത്യ സഖ്യത്തിലെ പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വിശദീകരണം. പ്രതിപക്ഷ സഖ്യം പുറത്തിറക്കിയ പട്ടികയിലെ അവതാരകരുടെ പരിപാടികൾ വിദ്വേഷം നിറഞ്ഞതാണെന്നും അതിനാലാണ് പ്രതിനിധികളെ അയയ്ക്കാത്തത് എന്നുമായിരുന്നു നടപടിക്ക് കാരണം പറഞ്ഞത്.

റിപ്പബ്ലിക് ഭാരതിന്റെ അർണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാർ, സുശാന്ത് സിൻഹ, ന്യൂസ് 18 ലെ അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീർ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24 ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂർ, ഇന്ത്യ ടിവിയിലെ പ്രാചി പരാശർ, എന്നിവരെയാണ് സഖ്യം ബഹിഷ്‌കരിക്കുന്നത്. സെപ്റ്റംബർ 13ന് ഡൽഹിയിൽ ചേർന്ന സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. തീരുമാനത്തിനെതിരെ വലിയ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അടിയന്തരാവസ്ഥ കാലത്തെ ചിന്താഗതിയാണ് കോൺഗ്രസിനെന്നായിരുന്നു പ്രധാന ആക്ഷേപം.

പവൻ ഖേഡ
'അർണാബും നവികയും ഉൾപ്പെടെ 14 പേർ'; ബഹിഷ്കരിക്കുന്ന അവതാരകരുടെ പട്ടിക പരസ്യപ്പെടുത്തി ഇന്ത്യ മുന്നണി

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി രണ്ടുദിവസത്തെ യോഗം ചേരുന്നത്. 'ഇന്ത്യ' സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് ശനിയാഴ്ച ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള സീറ്റ് വിഭജനത്തിൽ ഒരു തീരുമാനം യോഗത്തിൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in