വൈ എസ് ശർമിളയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു

വൈ എസ് ശർമിളയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെ തെലങ്കാന പോലീസ് ശർമിളയുടെ കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുപോയിരുന്നു
Updated on
1 min read

വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ എസ് ശർമിളയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശർമിളയെ കൂടാതെ, പാർട്ടിയിലെ ആറ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് വൈ എസ് ശർമിള.

ഇന്ന് രാവിലെ തെലങ്കാന പോലീസ് ശർമിളയുടെ കാർ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുപോയിരുന്നു. ശർമിള കാറിലിരിക്കെയാണ് ക്രെയിൻ ഉപയോഗിച്ച് കാർ പോലീസ് കൊണ്ടുപോയത്. സംസ്ഥാനത്തെ 75 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുവന്ന പദയാത്ര 3,500 കിലോമീറ്റർ പിന്നിട്ട ഇന്നലെ ശർമിളയ്ക്കും പാർട്ടി പ്രവർത്തകർക്കും നേരെ ടിആർഎസിന്റെ ഭാ​ഗത്തുനിന്നും ആക്രമണം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ടിആർഎസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന കാറുമായി ശർമിള മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻറെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് പ്രതിഷേധിക്കാൻ എത്തിയത്.

വൈ എസ് ശർമിളയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു
ശർമിള റെഡ്ഡിയുടെ കാർ കെട്ടിവലിച്ച് നീക്കി; തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചില്‍ നാടകീയ രംഗങ്ങള്‍

ഇന്നലെ ശർമിളയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പ്രതിഷേധത്തിലാണ് ശർമിള കാറിലിരിക്കെ ക്രെയിൻ ഉപയോഗിച്ച് കാർ പോലീസ് കൊണ്ടുപോയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻറെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ശർമിളയ്ക്കെതിരെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 353, സെക്ഷൻ 333, സെക്ഷൻ 327 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നതടക്കമുളള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ശർമിളയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നുവെന്നും എന്നാൽ അവർ നന്മയ്ക്കുവേണ്ടിയാണ് പോരാടുന്നതെന്നും ശർമിളയുടെ ഭർത്താവ് അനിൽ കുമാർ പറഞ്ഞു.

ഇന്നലെ, വാറങ്കലിലെ ലിംഗഗിരി ഗ്രാമത്തിൽ പാർട്ടി പ്രവർത്തകരും ടിആർഎസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇവരെ ആദ്യം കസ്റ്റഡിയിലെടുത്തത്. നർസാംപേട്ടിൽ സംസാരിക്കുന്നതിനിടയിൽ ടിആർഎസ് എംഎൽഎ പെഡി സുദർശൻ റെഡ്ഡിയെയും വിമർശിച്ച് ശർമിള രം​ഗത്ത് വന്നിരുന്നു. സുദർശൻ റെഡ്ഡി ആളുകളിൽ നിന്ന് പണം തട്ടിയെന്നും ഭൂമി തട്ടിയെടുത്തെന്നും കരാറുകാരെ ഭീഷണിപ്പെടുത്തിയെന്നും ശർമിള ഞായറാഴ്ച പദയാത്രയ്ക്കിടെ ആരോപിച്ചിരുന്നു . ഇത് കെസിആറിന്റെ അണിയറ പ്രവർത്തകരെ പ്രകോപിപ്പിച്ചു. തുടർന്നാണ് സംഘർഷത്തിലേക്ക് പോയത്. പദയാത്രയിൽ എത്തിയ വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ വാഹനങ്ങൾ അടക്കം കെസിആറിന്റെ പ്രവർത്തകർ തകർത്തിരുന്നു.

logo
The Fourth
www.thefourthnews.in