പ്രതിസന്ധി മറികടക്കാൻ ചീഫ് സെക്രട്ടറിയെ മാറ്റി മണിപ്പൂർ സർക്കാർ; പകരമെത്തുന്നത് മണിപ്പൂരി ഭാഷ അറിയുന്ന വിനീത് ജോഷി

പ്രതിസന്ധി മറികടക്കാൻ ചീഫ് സെക്രട്ടറിയെ മാറ്റി മണിപ്പൂർ സർക്കാർ; പകരമെത്തുന്നത് മണിപ്പൂരി ഭാഷ അറിയുന്ന വിനീത് ജോഷി

പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച തന്നെ വിനീത് ജോഷിയെ സംസ്ഥാനത്തെത്തിച്ചു
Updated on
1 min read

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയെ മാറ്റി സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ പോയ വിനീത് ജോഷിയെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് ആറുമാസം കൂടി കാലാവധി നീട്ടി നല്‍കിയ രാജേഷ്കുമാറിനെ മാറ്റിയാണ് വിനീത് ജോഷിയുടെ നിയമനം. സംസ്ഥാന സര്‍ക്കാര്‍ കലാപം കൈകാര്യം ചെയ്തതില്‍ കേന്ദ്രം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ഇടപെടല്‍.

1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വിശ്വസ്തനാണ്. മണിപ്പൂരി നന്നായി വഴങ്ങുന്നയാള്‍ കൂടിയാണ് അദ്ദേഹം. പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച തന്നെ വിനീത് ജോഷിയെ സംസ്ഥാനത്തെത്തിച്ചു. മണിപ്പൂരിലെ ചീഫ് വിജിലന്‍സ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ റെസിഡന്റ് കമ്മീഷണര്‍ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും.

മണിപ്പൂര്‍ യുവജനക്ഷേമ - കായിക വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി കരിയര്‍ ആരംഭിച്ച ജോഷി, 2017 വരെ സംസ്ഥാനത്ത് സര്‍വീസിലുണ്ടായിരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. കഠിനാധ്വാനവും പ്രതിബദ്ധതയുമുള്ള ബുദ്ധിമാനായ ഓഫീസര്‍ എന്നാണ് അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിശേഷിപ്പിച്ചത്. മണിപ്പൂരിലെ ഉദ്യോഗസ്ഥതലത്തില്‍ വിനീത് ജോഷിയുടെ ഒഴിവ് നികത്താനാകാതെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇത് അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് പ്രതിസന്ധി ഘട്ടത്തില്‍ ബിരേന്‍ സിങ് സര്‍ക്കാര്‍ വിനീത് ജോഷിയെ തിരിച്ചുവിളിച്ചിരിക്കുന്നത്. മണിപ്പൂരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണയും മണിപ്പൂരി ഭാഷയിലുള്ള പ്രാവീണ്യവും നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

പ്രതിസന്ധി മറികടക്കാൻ ചീഫ് സെക്രട്ടറിയെ മാറ്റി മണിപ്പൂർ സർക്കാർ; പകരമെത്തുന്നത് മണിപ്പൂരി ഭാഷ അറിയുന്ന വിനീത് ജോഷി
മണിപ്പൂർ സംഘർഷം: ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, ആശങ്ക അറിയിച്ച് സിബിസിഐ

സംഘര്‍ഷം തുടരുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 23,000 ത്തിലധികം പേരെയാണ് സൈന്യം ഇതുവരെ ഒഴിപ്പിച്ചത്. ഇവരെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ സംഘര്‍ഷങ്ങള്‍ക്ക് അയവ് ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം തുടരുന്നതിനിടെ മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയിലെത്തി. അക്രമങ്ങളെ തുടര്‍ന്ന് വീടുകള്‍ വിട്ട് പോകേണ്ടി വന്ന ഗോത്ര വിഭാഗക്കാരെ, സ്വന്തം സ്ഥലങ്ങളില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മണിപ്പൂര്‍ ട്രൈബല്‍ ഫോറം കോടതിയെ സമീപിച്ചത്. സിആര്‍പിഎഫ് ക്യാമ്പുകളില്‍ അഭയംതേടിയ മണിപ്പൂരി ഗോത്രവിഭാഗക്കാരെ സുരക്ഷിതമായി സ്വന്തം വീടുകളിലെത്തിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം.

പ്രതിസന്ധി മറികടക്കാൻ ചീഫ് സെക്രട്ടറിയെ മാറ്റി മണിപ്പൂർ സർക്കാർ; പകരമെത്തുന്നത് മണിപ്പൂരി ഭാഷ അറിയുന്ന വിനീത് ജോഷി
'അക്രമങ്ങള്‍ക്ക് ബിജെപി പിന്തുണ'; മണിപ്പൂര്‍ വിഷയത്തിൽ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
logo
The Fourth
www.thefourthnews.in