'ദേശീയ താല്പര്യം സംരക്ഷിക്കും'; 'ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്' സീരിസിനെതിരായ പ്രതിഷേധത്തിൽ സമവായത്തിന് നെറ്റ്ഫ്ലിക്സ്

'ദേശീയ താല്പര്യം സംരക്ഷിക്കും'; 'ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്' സീരിസിനെതിരായ പ്രതിഷേധത്തിൽ സമവായത്തിന് നെറ്റ്ഫ്ലിക്സ്

തീവ്രവാദികൾക്ക് പരമശിവന്റെ പര്യായങ്ങളായ പേര് നൽകുന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം
Updated on
2 min read

നെറ്റ്ഫ്ലിക്സ് സീരിയസായ 'ഐസി 814 ദി കാണ്ഡഹാർ ഹൈജാക്ക്' ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നെന്ന ആരോപണമുയർന്നതോടെ സിനിമകളിലും സീരീസുകളിലും ദേശീയതാത്പര്യംകൂടി പരിഗണിക്കാമെന്ന ഉറപ്പുമായി നെറ്റ്ഫ്ലിക്സ്. കാണ്ഡഹാറിൽ വിമാനം റാഞ്ചിയ തീവ്രവാദികൾക്ക് ഹിന്ദു പേരുകൾ നൽകി എന്നതായിരുന്നു സീരിസിനെതിരെ ഉയർന്ന ആരോപണം. നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രതിനിധികളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയവുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് നെറ്റ്ഫ്ളിക്സ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. സീരിസിന്റെ തുടക്കത്തില്‍ തന്നെ ഹൈജാക്കര്‍മാരായ തീവ്രവാദികളുടെ യഥാര്‍ഥ പേരുകള്‍ എഴുതിക്കാണിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിൽ തീവ്രവാദികൾക്ക് ഭോല, ശങ്കർ എന്നിങ്ങനെ പരമശിവന്റെ പര്യായങ്ങളായ പേരുകൾ നൽകുന്നത് ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാണ് എന്നായിരുന്നു ആരോപണം. ചരിത്രവസ്തുതകളെ അട്ടിമറിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരോപണം. അനിഭവ് സിൻഹ സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 29നാണ് പുറത്തിറങ്ങിയത്.

'ദേശീയ താല്പര്യം സംരക്ഷിക്കും'; 'ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്' സീരിസിനെതിരായ പ്രതിഷേധത്തിൽ സമവായത്തിന് നെറ്റ്ഫ്ലിക്സ്
'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്'; വിവാദങ്ങളിലെ വാസ്തവമെന്ത്?

1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹർക്കത് ഉൽ മുജാഹിദ്ദീൻ റാഞ്ചിയ സംഭവമാണ് സീരിസിന്റെ പ്രമേയം. ബിജെപി ഐടി സെൽ മേധാവിയായ അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ സീരിസിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവിയെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇൻഫർമേഷൻ ആൻ ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് ഇനി വരുന്ന സിനിമകളിലും സീരീസുകളിലും ദേശീയതാല്പര്യങ്ങൾ പരിഗണിക്കാമെന്ന് നെറ്റ്ഫ്ളിക്സ് ഉറപ്പു നൽകിയത്.

ചരിത്ര വസ്തുതകൾ തിരുത്തുന്നതിലൂടെ ഇനി വരാനിരിക്കുന്ന ഒരു തലമുറയെ കൂടി തെറ്റിദ്ധരിപ്പിക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത് എന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം. അതേസമയം ചില സിനിമകളിലെ മാത്രം ചരിത്രപരമായ തെറ്റുകൾ കണ്ടെത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന പ്രതികരണവുമായി ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ശിവസേന ഉദ്ദവ്താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തി.

#BoycottNetflix #BoycottBollywood എന്നീ ഹാഷ്ടാഗുകളാണ് എക്‌സിൽ ട്രെൻഡിങ്ങാവുന്നത്. ചരിത്രം വളച്ചോടിക്കുന്ന സംവിധായകരെയും സിനിമകളെയും ബഹിഷ്കരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരുകൂട്ടം ആളുകളുയർത്തുന്ന ആവശ്യം.

1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസിന്റെ ഉള്ളടക്കം. 191 യാത്രക്കാരുമായി വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയര്‍ന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരവധി ലാന്‍ഡിംഗുകള്‍ വിമാനം നടത്തിയിരുന്നു. ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരായിരുന്നു ഹൈജാക്കര്‍മാര്‍. ഭീകരരായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കലായിരുന്നു ഭീകരരുടെ ആവശ്യം. ഒടുവില്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ഭീകരരെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതായിരുന്നു.

ഈ ഹൈജാക്കർമാരുടെ പേരുകള്‍ വിമാനത്തിനുള്ളിൽ പരസ്പരം സംഭാഷണങ്ങൾക്കായി പ്രത്യേത കോഡ് പേരുകളായാണ് വെബ്‌സീരിസില്‍ ചിത്രീകരിച്ചത്. ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നിവയായിരുന്നു കോഡ് പേരുകള്‍. ഇതില്‍ ഭോല, ശങ്കര്‍ പേരുകള്‍ക്കെതിരെയാണ് വിവാദം കത്തിയത്.

'ദേശീയ താല്പര്യം സംരക്ഷിക്കും'; 'ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്' സീരിസിനെതിരായ പ്രതിഷേധത്തിൽ സമവായത്തിന് നെറ്റ്ഫ്ലിക്സ്
പാക് ഭീകരര്‍ക്ക് ഹിന്ദു പേരുകള്‍; 'ഐസി 814 ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ്‌സീരിസ് വിവാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുകയും അഭിനയിക്കുകായും ചെയ്ത, അടിയന്തരാവസ്ഥ പ്രമേയമായി വരുന്ന 'എമർജൻസി' എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായി നടക്കുന്നുണ്ട്. തന്റെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ സംവിധാനങ്ങളെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്ന സിഖ് സംഘടനയാണ് 'എമർജൻസി'ക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. സിഖ് വിഭാഗത്തെ സിനിമയിൽ തീവ്രവാദികളായി അവതരിപ്പിക്കുന്നു എന്നതാണ് അവരുടെ ആരോപണം.

logo
The Fourth
www.thefourthnews.in