പ്രവീണ്‍ നെട്ടാരു,  ഫാസില്‍
പ്രവീണ്‍ നെട്ടാരു, ഫാസില്‍

ദക്ഷിണ കന്നഡയിലെ കൊലപാതകം; ആവശ്യമെങ്കില്‍ 'യോഗി മോഡല്‍' നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മെ, കേരളത്തിലും അതീവ ജാഗ്രത

കുറ്റവാളികളായവരെ തെരുവില്‍വച്ച് എന്‍കൗണ്ടറിലൂടെ വധിക്കണമെന്ന് ബിജെപി എംഎല്‍എ എം.പി. രേണുകാചാര്യ
Updated on
2 min read

കേരള -കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലെ ബെള്ളാരെയില്‍ പ്രവീണ്‍ കൊലപ്പെട്ടതിനെത്തുടര്‍ന്ന്, മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഉഡുപ്പി സൂറത്ത്കലില്‍ ഫാസില്‍ കൊല്ലപ്പെടുന്നത്. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് ഫാസില്‍. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ, മുഖം മൂടി ധരിച്ചെത്തിയ സംഘം കടയില്‍ കയറി ഫാസിലിനെ വെട്ടുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങിയെങ്കിലും അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. പിന്നീട് വാഹനത്തില്‍ രക്ഷപെട്ടു. തലയ്ക്ക് സാരമായ പരിക്കേറ്റ ഫാസിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫാസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നാണ് സൂചന. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് പോലീസ് പറയുന്നു. ഫാസിലിന്റെ അന്വേഷണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെയും വിന്യസിച്ചു. സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി നില്‍കി. മദ്യശാലകള്‍ അടച്ചു. വെള്ളിയാഴ്ച നമസ്‌കാരം വീടുകളില്‍ തന്നെ നടത്തണമെന്നാണ് നിര്‍ദേശം. കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. കോഴിക്കട നടത്തുന്ന പ്രവീണ്‍ രാത്രി എട്ടരയോടെ കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍, ബൈക്കിലെത്തിയ അക്രമികള്‍ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബിജെപി യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു പ്രവീണ്‍. കൊലപാതകത്തില്‍, സുള്ള്യ സ്വദേശികളായ ഷാക്കിര്‍, മുഹമ്മദ് ഷഫീഖ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇരുപതിലധികം പേരെ കസ്റ്റഡിയിലുമെടുത്തിരുന്നു. എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമികള്‍ വന്ന ബൈക്ക് കേരള രജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം കാസര്‍ഗോഡിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പോലീസ് നിരീക്ഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിനു പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. പ്രവീണ്‍ വധക്കേസില്‍, പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലകളിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കിയിരുന്നു.

പ്രതികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഹൊന്നാലി എംഎല്‍എ എം.പി. രേണുകാചാര്യയും രംഗത്തെത്തി. പ്രവീണിന്റെ കൊലയാളികളെ എന്‍കൗണ്ടറിലൂടെ വധിക്കണമെന്നായിരുന്നു ബിജെപി എംഎല്‍എയുടെ ആവശ്യം. ആളുകള്‍ക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കില്‍, കുറ്റവാളികളായവരെ തെരുവില്‍വച്ച് എന്‍കൗണ്ടറിലൂടെ വധിക്കണം. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശൈലിയില്‍ വേണം ഇത്തരം ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നാല്‍ സര്‍ക്കാരിനൊപ്പം ഉണ്ടാകും. അല്ലെങ്കില്‍ രാജിവയ്ക്കും -എന്നായിരുന്നു രേണുകാചാര്യ ട്വീറ്റില്‍ കുറിച്ചത്.

ബസവരാജ് ബൊമ്മെ
ബസവരാജ് ബൊമ്മെ

അതിനെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം. ആക്രമണങ്ങളും കൊലപാതകങ്ങളും തടയാന്‍ യുപിയിലെ 'യോഗി മോഡല്‍' കര്‍ണാടകയിലും നടപ്പാക്കാന്‍ മടിക്കില്ലെന്നായിരുന്നു ബൊമ്മെയുടെ വാക്കുകള്‍. പ്രവീണിന്റെ കൊലപാതകത്തിനു പിന്നാലെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യുപിയില്‍ ഇത്തരം സാഹചര്യങ്ങള്‍ തക്കതായ രീതിയില്‍ കൈകാര്യം ചെയ്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രവീണിന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രതികളെ ഏറ്റവും വേഗത്തില്‍ പിടികൂടി ഉചിതമായ ശിക്ഷ നല്‍കുമെന്ന കാര്യം ഉറപ്പാക്കുമെന്നും പ്രവീണിന്റെ വീട് സന്ദര്‍ശിച്ചശേഷം ബൊമ്മെ പറഞ്ഞു.

logo
The Fourth
www.thefourthnews.in