കശ്‌മീർ ഫയൽസ് വിവാദം : നാദവ് ലാപിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങൾ

കശ്‌മീർ ഫയൽസ് വിവാദം : നാദവ് ലാപിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങൾ

പാനലിലെ ഒരു ഇന്ത്യൻ അംഗം ഒഴികെ ബാക്കിയുള്ളവരെല്ലാം സംയുക്തമായി പ്രസ്താവനയിറക്കി
Updated on
1 min read

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വിവേക് അഗ്നിഹോത്രി ചിത്രം 'കശ്മീർ ഫയൽസ്' സംബന്ധിച്ച വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ജൂറി ചെയര്‍മാനും ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങൾ. പാനലിലെ ഒരു ഇന്ത്യൻ അംഗം ഒഴികെ ബാക്കിയുള്ളവരെല്ലാം സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് നാദവ് ലാപിഡിന്റെ പ്രസ്താവനയെ പിന്തുണക്കുന്നതായി ജൂറി അംഗങ്ങൾ അറിയിച്ചത്.

ജിങ്കോ ഗോട്ടോ, പാസ്കേൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. 'കശ്മീർ ഫയൽസ് ' ചിത്രത്തെക്കുറിച്ചുള്ള വിമർശനം തികച്ചും കലാപരം ആണെന്നും , അത് രാഷ്ട്രീയവുമായി ബന്ധമുള്ളതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ചലച്ചിത്ര മേള രാഷ്ട്രീയപരമായും നാദവിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾക്കും ഉപയോഗിക്കുന്നത് കാണുന്നതിൽ തങ്ങൾക്ക് വിഷമമുണ്ടെന്നും ജൂറി അംഗങ്ങൾ വ്യക്തമാക്കി.

ജൂറി അംഗമായ ജിങ്കോ ഗോട്ടോയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയുടെ പൂർണ്ണരൂപം :

“മേളയുടെ സമാപന ചടങ്ങിൽ, ജൂറി അംഗങ്ങൾക്ക് വേണ്ടി ജൂറി അധ്യക്ഷന്‍ നാദവ് ലാപിഡ് ഒരു പ്രസ്താവന നടത്തി: “അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് പതിനഞ്ചാമത് ചിത്രമായി ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ല."

ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു.

“വ്യക്തമാക്കുകയാണെങ്കിൽ , സിനിമയുടെ ഉള്ളടക്കത്തിൽ ഞങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. അവിടെ ഞങ്ങൾ ഒരു കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു, ചലച്ചിത്രമേളകളുടെ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട്. അത് ഒരിക്കലും ജൂറിയുടെ ഉദ്ദേശമായിരുന്നില്ല."

കശ്‌മീർ ഫയൽസ് വിവാദം : നാദവ് ലാപിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങൾ
''ആശങ്കയുണ്ടായിരുന്നു, ആരെങ്കിലും തുറന്ന് പറയണമെന്ന് തോന്നി''; കശ്മീർ ഫയല്‍സ് വിവാദത്തില്‍ നാദവ് ലാപിഡ്

53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് നാദവ് ലാപിഡ് കശ്മീർ ഫയൽസിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ കശ്മീർ ഫയല്‍സൊഴികെ പതിനാല് സിനിമകളും മികച്ച നിലവാരമുള്ളതായിരുന്നു എന്നായിരുന്നു നാദവ് ലാപിഡിന്റെ പരാമർശം. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയല്‍സ്. ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.

logo
The Fourth
www.thefourthnews.in