മുന്നറിയിപ്പുകൾ അവഗണിച്ചു; സിക്കിമിലെ മിന്നൽ പ്രളയത്തിന്റെ കാരണങ്ങൾ
വടക്കൻ സിക്കിമിലെ ലോനാക്ക് തടാകം കരകവിഞ്ഞൊഴുകി വലിയ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നിരവധി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചതാണ് സിക്കിമിൽ ഇപ്പോഴുണ്ടായ പ്രളയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച ലോനാക്ക് തടാകത്തിൽ പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കം ടീസ്ത നദിയിലൂടെ വ്യാപിക്കുകയും 11 പേർ മരിക്കുകയും 120പേരെ കാണാതാവുന്നതുമായ ഗുരുതരമായ അവസ്ഥയിലേക്കെത്തി.
ഹൈദരാബാദ് നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ ലോനാക്ക് തടാകത്തിൽ മിന്നൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് 2013 ൽ തന്നെ വിലയിരുത്തിയിരുന്നു. അതിനു പ്രധാനകാരണം സമുദ്രനിരപ്പിൽനിന്ന് 5245 മീറ്റർ ഉയരത്തിലാണ് തടാകമുള്ളത് എന്നതാണ്, പെട്ടന്ന് ജലനിരപ്പുയരുമ്പോൾ താഴ്വാരങ്ങളിൽ പെട്ടന്ന് വെള്ളപ്പൊക്കമുണ്ടാകും. ഇത് ഡാമുകളും, പവർ ഹോട്ട്‌സുകളും തകരാനും കാരണമാവും.
2014 ഓഗസ്റ്റിൽ രൂപീകരിക്കപ്പെട്ട സമിതി പ്രളയം സംഭവിക്കാനും ഒരു പ്രദേശം തന്നെ തുടച്ചുനീക്കപ്പെടാനുമുള്ള സാധ്യത പറയുകയും, അത് തടയാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ജലനിരപ്പുയരാതിരിക്കാൻ സഹായിക്കുന്ന സൈഫണിങ്ങാണ് സമിതി നിർദേശിച്ച ഒരു രീതി. പൈപ്പുകൾ ഉപയോഗിച്ച് ഒരു ജലാശയത്തിൽനിന്ന് മറ്റൊന്നിലേക്ക് വെള്ളം മാറ്റുന്ന രീതിയാണ് ഇത്.
2016 ൽ തെക്കൻ ലോനാക്ക് തടാകത്തെ അടിസ്ഥാനമാക്കി മറ്റൊരു സമിതിയുടെ പഠനം പുറത്ത് വന്നു. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും ഇൻഡോ-ടിബറ്റൻ പോലീസ് ഫോഴ്‌സും സ്റ്റുഡന്റസ് എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഇൻ സിക്കിമും ഉൾപ്പെടുന്നതാണ് ഈ സമിതി. ശക്തമായി ഐസ് ഉരുകുന്നതിനാൽ സൈഫണിങ് അല്ലാതെ വഴിയില്ലെന്നാണ് ആ സമിതിയും കണ്ടെത്തിയത്. 130 മുതൽ 140 മീറ്റർ വരെ നീളമുള്ള പൈപ്പുകൾ ഉപയോഗിച്ച് സെക്കൻഡിൽ 150 ലിറ്റർ വേഗത്തിൽ വെള്ളം മറ്റൊരിടത്തേക്ക് മാറ്റാമെന്നാണ് സമിതി വിലയിരുത്തിയത്.
ഇത് ആദ്യമായാണ് ഇത്തരത്തിൽ മഞ്ഞുരുകൽ നടക്കുന്ന ഒരു തടാകത്തിൽ സൈഫണിങ് നടത്തുന്നതെന്ന് സിക്കിം സയൻസ് ആൻഡ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഹാഷിം സത്താർ എന്ന ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞൻ പറയുന്നത്.
29 വർഷത്തിനിടയിൽ തടാകം ഐസായി മാറിയ ഭാഗത്തിന്റെ നീളം 6.4 സ്‌ക്വയർ കിലോമീറ്ററിൽനിന്ന് 5.1 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 0.96 ചതുരശ്ര കിലോമീറ്റർ മഞ്ഞുരുകിയെന്ന് പറയാം. ഇത് തടാകത്തിലെ ജലനിരപ്പ് വലിയ തോതിൽ ഉയർത്തുമെന്നത് ഉറപ്പാണ്.
സിക്കിമിൽ ഏകദേശം 11ഓളം ഗ്ലേഷ്യൽ തടാകങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പിൽനിന്ന് ഒരുപാട് ഉയരങ്ങളിലുള്ള തടാകങ്ങളിൽ വളരെ വേഗത്തിൽ മഞ്ഞുരുകുന്നതായി വിലയിരുത്തപ്പെടുന്നു. ലോനക്ക് തടാകത്തിന്റെ നീളം 1977 ൽ 0.17 ചതുരശ്ര കിലോമീറ്ററായിരുന്നു. 2002 ൽ അത് 0.78 ചതുരശ്ര കിലോമീറ്ററും 2019 ൽ 1.35 ചതുരശ്ര കിലോമീറ്ററുമായി. മഞ്ഞുരുകുന്നതും തടാകത്തിലെ ജലനിരപ്പുയരുന്നതും ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.
മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ അളവിൽ മഴപെയ്യുകയും ലോനക്കിൽനിന്ന് ഗോമ ചാനൽ വഴി സെമു നദിയിലേക്ക് വെള്ളം ഒഴുകിയതും അത് ലാചെൻ എന്ന ടീസ്റ്റ നദിയുടെ കൈവഴിയിലെത്തിച്ചേരുകയും ചെയ്തതാണ് ഇത്രയും രൂക്ഷമായ ഒരു വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ.