പ്രൊഫഷണൽ കോഴ്‌സുകൾ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ; നിരസിച്ച് ഐഐഎമ്മുകള്‍
രാജ്യത്തെ പ്രൊഫഷണൽ കോഴ്‌സുകളുടെ സിലബസ് പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ആവശ്യം നിരസിച്ച് ഐഐഎമ്മുകള്‍. നിർദേശം പാലിക്കാൻ കഴിയില്ലെന്ന് മൂന്ന് ഐഐഎം ക്യാംപസുകൾ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മറ്റ് 17 ക്യാംപസുകൾ കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചതായും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
പ്രൊഫഷണൽ കോഴ്‌സുകളുടെ പുസ്തകങ്ങൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) വികസിപ്പിച്ച വിവർത്തന സഹായി ഉപയോഗിച്ച് പ്രാദേശിക ഭാഷകളിലേക്ക് മാറ്റണമെന്ന് 2021 ഒക്ടോബറിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെടുന്നത്. പ്രാദേശിക ഭാഷകളിൽ പ്രൊഫഷണൽ കോഴ്‌സുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. രണ്ട് വർഷത്തിനുളിൽ കുറഞ്ഞത് 75 സർവകലാശാലകളെങ്കിലും പ്രവർത്തനത്തിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിരുന്നു. അതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ യുജിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് 2021 നവംബറിൽ ഐഐഎം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
എന്നാൽ ഈ നിർദേശങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന മറുപടിയാണ് ഐഐഎം ബാംഗ്ലൂർ, ഐഐഎം കാശിപുർ, ഐഐഎം ഉദയ്പുർ എന്നിവർ നൽകിയത്. ബാക്കിയുള്ള ഐഐഎമ്മുകളിൽ 17 എണ്ണവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐഐഎം ബാംഗ്ലൂർ, ഒരു മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണെന്നും വിവർത്തനത്തിനുള്ള പുസ്തകങ്ങൾ ഇല്ലെന്നുമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയ മറുപടി. ഇത് തങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല എന്നായിരുന്നു മറ്റ് രണ്ട് ക്യാംപസുകളുടെയും പ്രതികരണം.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ ഐഐടികളിലും എൻഐടികളിലും കോഴ്‌സുകൾ പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ എഐസിടിഇ നിർമിത ബുദ്ധിയുടെ സഹായത്തോടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തുവരികയാണ്.