ഹോസ്റ്റൽ കാന്റീനിൽ ഭക്ഷണവിവേചനം; പരാതിയുമായി ബോംബെ ഐഐടി വിദ്യാർഥികൾ

ഹോസ്റ്റൽ കാന്റീനിൽ ഭക്ഷണവിവേചനം; പരാതിയുമായി ബോംബെ ഐഐടി വിദ്യാർഥികൾ

മാംസാഹാരം കഴിക്കാൻ താത്പര്യപ്പെടുന്നവർ അവിടന്ന് ഒഴിഞ്ഞ് പോകണമെന്നും ചില വിദ്യാർഥികൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
Updated on
2 min read

ഐഐടി ബോംബെയിലെ ഹോസ്‌റ്റൽ കാന്റീനിൽ ഭക്ഷണത്തിന്റെ പേരിൽ വേർതിരിവെന്ന് ആരോപണം. ഹോസ്റ്റലിലെ കാന്റീനിന്റെ ചുവരുകളിൽ 'സസ്യാഹാരികൾക്ക് മാത്രം' എന്ന പോസ്റ്ററുകൾ പതിച്ചാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. മാംസാഹാരം കഴിക്കാൻ താത്പര്യപ്പെടുന്നവർ അവിടന്ന് ഒഴിഞ്ഞ് പോകണമെന്നും ചില വിദ്യാർഥികൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. വിദ്യാർഥി കൂട്ടായ്മയായ അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിളിന്റെ പ്രതിനിധിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഹോസ്റ്റൽ കാന്റീനിൽ ഭക്ഷണവിവേചനം; പരാതിയുമായി ബോംബെ ഐഐടി വിദ്യാർഥികൾ
ഡിഎംകെ കുടുംബ പാര്‍ട്ടിയെന്ന് അമിത് ഷാ; ജയ് ഷാ എത്ര മത്സരം കളിച്ചിട്ടാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിന്‍

ഭക്ഷണ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ള ഈ വേ‍തിരിവിനെ അപലപിച്ച വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ പോസ്റ്ററുകൾ കീറുകയും ചെയ്തു. സംഭവം അപമാനകരമാണെന്ന് വിദ്യാർഥികൾ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ആരാണ് പോസ്റ്ററുകൾ പതിച്ചതെന്ന് അറിയില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് സ്ഥിരമായ ഇരിപ്പിടങ്ങളില്ലെന്നും പോസ്റ്ററുകൾ പതിച്ചത് ആരാണെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

''മൂന്ന് മാസം മുൻപ്, വിദ്യാർഥികൾ സമർപ്പിച്ച ഒരു വിവരാവകാശ രേഖ പ്രകാരം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഭക്ഷണത്തിന്റെ പേരിൽ ഇത്തരത്തിൽ വേർതിരിക്കുന്ന നയം ഇല്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദ്യാർഥികൾ കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കി വ്യത്യസ്‌ത ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നത് ഇപ്പോഴും തുടരുന്നു''- വിദ്യാർഥികൾ പറയുന്നു.

ഹോസ്റ്റൽ കാന്റീനിൽ ഭക്ഷണവിവേചനം; പരാതിയുമായി ബോംബെ ഐഐടി വിദ്യാർഥികൾ
എ എൻ ഷംസീറിനും യൂത്ത് ലീഗിനുമെതിരായ സംഘപരിവാറിന്റെ കൊലവിളി മുദ്രാവാക്യം: പോലീസ് കേസെടുത്തു

കോളേജ് അധികൃതരും വിവരാവകാശവുമൊക്കെ ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വേര്‍തിരിവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നയമല്ലെന്ന് വിശദീകരിക്കുമ്പോഴും മെസിലെ ചില പ്രത്യേക ഇരിപ്പിടങ്ങള്‍ സസ്യാഹാരികളുടേത് മാത്രമാക്കി മാറ്റാന്‍ ചില വ്യക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ പ്രതിനിധികൾ പ്രതികരിച്ചു. ശുദ്ധി എന്ന ആശയത്തെ മുന്‍നിര്‍ത്തി സസ്യാഹാരികള്‍ക്ക് പ്രത്യേക ഭക്ഷണ ഇടമുണ്ടാക്കി സവര്‍ണ മേല്‍ക്കോയ്മ ഊട്ടി ഉറപ്പിക്കാനാണ് ഇവരുടെ ശ്രമമെന്നും സംഘടന ആരോപിച്ചു.

അതേസമയം, വെജിറ്റേറിയൻ വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിടം ഇല്ലെന്ന് ഹോസ്റ്റൽ ജനറൽ സെക്രട്ടറി വ്യക്തമാക്കി. കാന്റീനിൽ ജൈന ഭക്ഷണ വിതരണത്തിന് ഒരു കൗണ്ടർ ഉണ്ടെങ്കിലും ജൈന ഭക്ഷണം കഴിക്കുന്നവർക്ക് പ്രത്യേകം ഇരിപ്പിടം ഇല്ലെന്ന് സംഭവത്തെ തുടർന്ന് വിദ്യാർഥികൾക്ക് അയച്ച ഇ മെയിലിൽ ഹോസ്റ്റൽ ജനറൽ സെക്രട്ടറി പറഞ്ഞു.

''കാന്റീനിൽ മറ്റുള്ളവരുടെ ഭക്ഷണ മുൻഗണനകളെ മാനിക്കണം. മെസ്സിൻറെ ചില പ്രദേശങ്ങൾ ജൈനമതക്കാർക്ക് ഇരിക്കാനുള്ള എന്ന് അടയാളപ്പെടുത്തുകയും സസ്യേതര ഭക്ഷണം കൊണ്ടുവരുന്ന വ്യക്തികളെ ആ പ്രദേശങ്ങളിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. അത്തരം പെരുമാറ്റം അനുവദിക്കാൻ പറ്റില്ല. ഒരു പ്രത്യേക കമ്മ്യൂണിറ്റിക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നു എന്നതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും മറ്റൊരു വിദ്യാർഥിയെ ഏതെങ്കിലും സ്ഥലത്ത് നിന്ന് മാറ്റാൻ അവകാശമില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർബന്ധിതരാകും''-ഹോസ്റ്റൽ ജനറൽ സെക്രട്ടറി ഇമെയിലിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in