women police drill
women police drill

പോലീസ് സേനകളില്‍ വനിതാ പങ്കാളിത്തം കുറയുന്നു

സ്ത്രീകളുടെ എണ്ണത്തിലെ വര്‍ദ്ധന 10.5% മാത്രം; ഐ ജെ ആര്‍ റിപ്പോര്‍ട്ട് പുറത്ത്
Updated on
3 min read

ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഇന്ത്യന്‍ പോലീസ് സേനയുടെ കരുത്ത് വര്‍ദ്ധിച്ചത് 32 ശതമാനം. അതില്‍ സ്ത്രീകളുടെ അംഗബലത്തിലെ വര്‍ദ്ധന 10.5 ശതമാനം മാത്രം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും മുഴുവന്‍ കേന്ദ്രഭരണ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.നീതിന്യായ മേഖലയുടെ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് തയ്യാറാക്കുന്നതാണ് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് (ഐ ജെ ആര്‍) തയ്യാറാക്കുന്നത്.

വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഇല്ലാതെ പോലീസ് സ്‌റ്റേഷനുകള്‍

ഒടുവില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം, 2021 ജനുവരി വരെ രാജ്യത്തെ 41 ശതമാനം പോലീസ് സ്‌റ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്‌ക്ക് ഇല്ല. ത്രിപുരയാണ് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനം. അതേസമയം അരുണാചല്‍ പ്രദേശില്‍ ഒന്ന്‌പോലും ഇല്ല. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ്, 90 ശതമാനത്തിന് മുകളില്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഈ സംവിധാനം ലഭ്യമായിട്ടുള്ളത്.

women help desk
women help desk

സംസ്ഥാനങ്ങളും വനിതാസംവരണവും

6 കേന്ദ്രഭരണ പ്രദേശങ്ങളിലും 11 സംസ്ഥാനങ്ങളിലും പോലീസ് സേനകളില്‍ വനിതകള്‍ക്കുള്ള സംവരണം 33 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ബീഹാറില്‍ ഇത് 38 ശതമാനമാണ്. അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ 10 ശതമാനമേര്‍പ്പെടുത്തിയപ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സംവരണമില്ല. 2020 ലെ കണക്ക് പ്രകാരം ഒറ്റ സംസ്ഥാനം പോലും സംവരണം പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല.

തമിഴ്‌നാട്, ബിഹാര്‍, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളാണ് വനിതാ പ്രാതിനിധ്യത്തില്‍ മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ 10.4 ശതമാനവും, ബിഹാറില്‍ 17.4 ശതമാനവും, ഗുജറാത്തില്‍ 16 ശതമാനവുമാണ് പങ്കാളിത്തം. പക്ഷേ ഇവയ്‌ക്കൊന്നും നിശ്ചിത ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല. തമിഴ്‌നാട്ടില്‍ 30, ബിഹാറില്‍ 38, ഗുജറാത്തില്‍ 33 ശതമാനം വീതമാണ് വനിതകള്‍ക്ക് സംവരണം നിശ്ചയിച്ചിട്ടുള്ളത്. 6.3% നിരക്കില്‍ ഏറ്റവും പിന്നിലാണ് ആന്ധ്രാ പ്രദേശിന്റെ സ്ഥാനം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡാണ് 22.1 ശതമാനത്തോടെ മുന്നില്‍.

women police
women police

പോലീസ് സേനകളിലെ വനിതാ പ്രാതിനിധ്യത്തില്‍ ഹിമാചല്‍ പ്രദേശിലും ബിഹാറിലും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . ബീഹാറില്‍ 25.3 ശതമാനത്തില്‍ നിന്ന് 17.4 ആയും, ഹിമാചലില്‍ 19.2 ശതമാനത്തില്‍ നിന്ന് 13.5 ആയും കുറഞ്ഞു. 2019 - 2020 ലാണ് ഈ മാറ്റം. ഐ ജെ ആറിന്റെ കണ്ടെത്തലുകള്‍ പ്രകാരം രാജ്യത്തിന്റെ പോലീസ് സേനയില്‍ വനിതാ സംവരണം 33 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ 33 വര്‍ഷം എടുക്കുമെന്നാണ് നിഗമനം. ബീഹാര്‍ 8 മാസവും ഡല്‍ഹി പോലീസ് 31 വര്‍ഷവും എടുക്കുമ്പോള്‍, ഒഡീഷ 428 മിസോറം 585 വര്‍ഷവും വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ പോലീസ് സേനയില്‍ വനിതാ സംവരണം 33 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ 33 വര്‍ഷം എടുക്കുമെന്നാണ് നിഗമനം

പോലീസ് ഉദ്യോഗസ്ഥരുടെ ശതമാനത്തിലും കുറവ്

രാജ്യത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും 8.2 ശതമാനമെന്ന താഴ്ന്ന നിരക്കിലാണ്. അതില്‍തന്നെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ച് ശതമാനമോ അതില്‍ താഴെയോ ആണ് നിരക്ക്. സംസ്ഥാനങ്ങളില്‍ തമിഴ്‌നാടും മിസോറാമുമാണ് ഉദ്യോഗസ്ഥരുടെ ശതമാന കണക്കില്‍ മുന്നില്‍, ജമ്മു കാശ്മീരാണ് ഏറ്റവും പിന്നില്‍. കേരളത്തില്‍ 3 ശതമാനവും പശ്ചിമ ബംഗാളില്‍ 4.2 ശതമാനവുമാണ് ഉദ്യോഗസ്ഥരില്‍ വനിതകളുള്ളത്. ലക്ഷദ്വീപില്‍ 18 പോലീസ് ഉദ്യോഗസ്ഥരില്‍ ഒരു വനിത പോലുമില്ല എന്നും ഐ ജെ ആര്‍ ചൂണ്ടികാട്ടുന്നു.

ലക്ഷദ്വീപില്‍ 18 പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും വനിതയല്ല

സിസിടിവി മൂന്നിലൊന്നു പോലീസ് സ്‌റ്റേഷനുകളില്‍ മാത്രം

2020 ലെ പരംവീര്‍ സിങ് സെയ്‌നി vs ബല്‍ജിത് സിങ് കേസില്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നിലവില്‍ മൂന്നിലൊന്നു പോലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് സിസിടിവി ഉള്ളത്. ഇന്ത്യയിലുള്ള 17,233 പോലീസ് സ്‌റ്റേഷനുകളില്‍ 5,396 എണ്ണത്തിലും സിസിടിവി ഇല്ല. മണിപ്പൂര്‍, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സിസിടിവിയുള്ള പോലീസ് സ്‌റ്റേഷന്‍ ഒന്നും തന്നെ ഇല്ല. രാജസ്ഥാനിലെ 894 പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നില്‍ മാത്രമാണ് സിസിടിവി ഉള്ളത്.

എസ്.സി, എസ്.ടി, ഒബിസി ക്വാട്ടകളിലെ നിയമനത്തില്‍ വീഴ്ച്ച

കര്‍ണാടക ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളുടെ നിയമനത്തില്‍ വീഴ്ച്ച. കോണ്‍സ്റ്റബിള്‍ നിയമനത്തില്‍ ഗുജറാത്ത് മാത്രമാണ് ലക്ഷ്യം കൈവരിച്ചത്. 2010ല്‍ ആറ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ എസ്.സി ക്വാട്ട തികച്ചപ്പോള്‍, 2020ല്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്കാണ് ഇത് സാധിച്ചത്. എസ്.ടി വിഭാഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2010 ല്‍ ക്വാട്ട തികച്ചു. 2021 ല്‍ ഇത് എട്ട് സംസ്ഥാനങ്ങളില്‍ ഒതുങ്ങി. ഒബിസി യില്‍ 2010ല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്രഭരണ പ്രദേശങ്ങളും ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ 2021 ല്‍ എട്ട് സംസ്ഥാനങ്ങല്‍ ക്വാട്ട പൂര്‍ത്തിയാക്കി.

പോലീസ് സേനകളില്‍ 5.62 ലക്ഷം ഒഴിവുകള്‍

2010 മുതല്‍ 2020 വരെ പോലീസിന്റെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ഐ ജെ ആര്‍ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2021 വരെ 5.62 ലക്ഷം ഒഴിവുകള്‍ രേഖപെടുത്തിയിട്ടുണ്ട്. ബീഹാറിലാണ് ഒഴിവുകള്‍ കൂടുതല്‍. കോണ്‍സ്റ്റബിള്‍, ഓഫീസര്‍ തസ്തികയില്‍ കേരളവും, തെലങ്കാനയും, കര്‍ണാടകയും മാത്രവുമാണ് ഒഴിവുകള്‍ കുറച്ചത്. ബീഹാര്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ വര്‍ദ്ധിച്ചു.

2019 ലാണ് ഐ ജെ ആര്‍ ന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, കോമണ്‍ കോസ്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ദക്ഷ്, ടിസ്സ് പ്രയാസ്, വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി, ഹൗ ഇന്ത്യ ലിവ്‌സ് എന്നീ സംഘടനകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സഹകരിക്കുന്നത്.

logo
The Fourth
www.thefourthnews.in