പി.ടി ഉഷ രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിത
മലയാളി അത്ലറ്റ് പി.ടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ എന്നിവരടക്കം നാലുപേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ്, കർണാടകയിലെ ധർമസ്ഥല ക്ഷേത്ര ധർമാധികാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗ്‍ഡെ എന്നിവരാണ് മറ്റ് രണ്ടുപേര്‍. നാമനിര്‍ദേശത്തിലൂടെ രാജ്യസഭയിലെത്തുന്ന ആദ്യ മലയാളി വനിതയാണ് ഉഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുപേർക്കും ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പി.ടി ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയും എട്ടാമത്തെ മലയാളിയുമാണ് പി.ടി ഉഷ. സർദാർ കെ.എം പണിക്കർ, ജി. രാമചന്ദ്രൻ, ജി. ശങ്കരക്കുറുപ്പ്, അബു ഏബ്രഹാം, ഡോ. കെ. കസ്തൂരിരംഗൻ, ഡോ. എം.എസ് സ്വാമിനാഥൻ, സുരേഷ് ഗോപി എന്നിവരാണ് ഇതിനു മുൻപ് നാമനിർദേശം ലഭിച്ചവർ.
കേരളത്തില്‍ നിന്ന് ഒടുവില്‍ ചലച്ചിത്രം താരം സുരേഷ്ഗോപിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുമെന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുള്ള പ്രതിഭകളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതെന്നും ശ്രദ്ധേയമാണ്.
വിവിധ മേഖലകളിലെ മികവിന് രാഷ്‍ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 പേരെയാണ് രാജ്യസഭയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യുക. കേരളത്തില്‍ നിന്ന് ഒടുവില്‍ ചലച്ചിത്രം താരം സുരേഷ്ഗോപിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.