പനി പടരുന്നു; ആന്റിബയോട്ടിക്സ് കഴിച്ചുള്ള സ്വയം ചികിത്സ വേണ്ടെന്ന് ഐഎംഎ

പനി പടരുന്നു; ആന്റിബയോട്ടിക്സ് കഴിച്ചുള്ള സ്വയം ചികിത്സ വേണ്ടെന്ന് ഐഎംഎ

അളവനുസരിച്ചല്ലാതെ പലപ്പോഴായി കഴിക്കുന്നത് ആന്റിബയോട്ടിക്സ് ആവശ്യമുള്ളപ്പോള്‍ ശരീരത്തിൽ പ്രവർത്തിക്കാതിരിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്
Updated on
1 min read

രാജ്യത്ത് ചുമയോട് കൂടിയ പനി പടരുന്ന സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ കഴിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത് ശരീരത്തെ വിപരീതമായി ബാധിക്കുമെന്നും ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് വരുന്ന ജലദോഷം, ചുമ, പനി, ശരീരവേദന, ശര്‍ദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിനായി ആളുകൾ സ്വയം ആന്റിബയോട്ടിക്സുകളുടെ ഉപയോഗം കൂട്ടിയതോടെയാണ് നിർദേശം. അളവനുസരിച്ചല്ലാതെ പലപ്പോഴായി ആന്റിബയോട്ടിക്സ് കഴിക്കുന്നത് ശരിയായ സന്ദര്‍ഭങ്ങളില്‍ ആന്റിബയോട്ടിക്‌സുകൾ ശരീരത്തിൽ പ്രവർത്തിക്കാതിരിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അസിത്രോമൈസിന്‍, അമോക്‌സിക്ലാവ് തുടങ്ങിയ ആന്റിബയോട്ടിക്‌സുകള്‍ ഒന്നും ശ്രദ്ധിക്കാതെ പലപ്പോഴായി കഴിക്കുന്നുണ്ട്. ഒന്ന് ആശ്വാസം തോന്നുമ്പോഴേക്കും അത് നിര്‍ത്തുകയും ചെയ്യുന്നു. ആന്റിബയോട്ടിക് മരുന്നുകള്‍ ശരീരത്തെ പ്രതിരോധത്തിലേയ്ക്ക് നയിക്കുന്നതിനാല്‍ ഇത് നിര്‍ത്തേണ്ടത് അനിവാര്യമാണ്. പിന്നീട് ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ആവശ്യം വരുമ്പോള്‍, പ്രതിരോധം കാരണം ഇവ ശരീരത്തിൽ പ്രവര്‍ത്തിക്കില്ലെന്നും ഐഎംഎയുടെ പ്രസ്താവനയില്‍ പറയുന്നു.

അമോക്‌സിസിലിന്‍, നോര്‍ഫ്ലോക്സാസിന്‍, സിപ്രോഫ്ലോക്സാസിന്‍, ഓഫ്ലോക്സാസിന്‍, ലെവോഫ്ലോക്സാസിന്‍ എന്നിവയാണ് ഏറ്റവും ദുരുപയോഗം ചെയ്യുന്ന ആന്റിബയോട്ടിക്കുകള്‍

ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുകയാണ് വേണ്ടതെന്നും ഐഎംഎ നിര്‍ദേശിക്കുന്നുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പ്രസ്താവന പ്രകാരം, എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചവര്‍ക്ക് മൂന്ന് ദിവസം കൊണ്ട് മാറുന്ന പനിയോടൊപ്പം മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ചുമ അനുഭവപ്പെടുമെന്ന് പറയുന്നുണ്ട്. അതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയ കാരണമാണോ അല്ലയോ എന്ന് നിര്‍ണയിക്കണമെന്നും മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

പ്രധാന ലക്ഷണങ്ങളില്ലാതെ തന്നെ ഡോക്ടർമാരും വിവിധ ആന്റിബയോട്ടിക്‌സുകള്‍ നിര്‍ദേശിക്കുന്നതായും ഐഎംഎയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വയറിളക്കം വരുന്നവരില്‍ 70% വൈറസ് മൂലമുള്ളതായിരിക്കും, എന്നിരുന്നാലും ഡോക്ടര്‍മാരും ഇത്തരം കേസുകളിലും ആന്റിബയോട്ടിക്‌സ് നിര്‍ദേശിക്കാറുണ്ട്.

അമോക്‌സിസില്ലിന്‍, നോര്‍ഫ്‌ലോക്‌സാസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍, ഓഫ്‌ലോക്‌സാസിന്‍, ലെവോഫ്‌ലോക്‌സാസിന്‍ എന്നിവയാണ് ഏറ്റവും ദുരുപയോഗം ചെയ്യുന്ന ആന്റിബയോട്ടിക്കുകള്‍. വയറിളക്കത്തിനും മൂത്രാശയ അണുബാധകള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in