തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ കോണ്‍ഗ്രസിന്റെ അപ്പീല്‍ തള്ളി
ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുങ്ങള്‍ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ആദായ നികുരല അപ്പലേറ്റ് ട്രിബ്യൂണല്‍. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് സമര്‍പ്പിച്ച അപ്പീല്‍ ട്രിബ്യൂണല്‍ തള്ളി. വിഷയത്തില്‍ ഹൈക്കോടതിയ സമീപിക്കാന്‍ പത്ത് ദിവസത്തേക്ക് ഉത്തരവ് നടപ്പാക്കരുതെന്ന കോണ്‍ഗ്രസിന്റെ അപേക്ഷയും ട്രിബ്യൂണല്‍ അംഗീകരിച്ചില്ല. ട്രിബ്യൂണലില്‍ അങ്ങനൊരു വ്യവസ്ഥയില്ലെന്ന് പറഞ്ഞായിരുന്നു അപേക്ഷയും തള്ളിയിരിക്കുന്നത്.
അതേസമയം ട്രിബ്യൂണല്‍ അവരുടെ കീഴ്‌വഴക്കം പാലിച്ചില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ ലീഗല്‍ സെല്‍ മേധാവി അഡ്വ. വിവേക ടാന്‍ഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ട്രിബ്യൂണലിന്റെ ഉത്തരവില്‍ തങ്ങള്‍ നിരാശരാണെന്നും 20 ശതമാനം പിഴയടച്ച് ഇളവ് അനുവദിക്കുന്ന മുന്‍ മാതൃകകള്‍ അവര്‍ പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉടന്‍ അടയ്ക്കണമെന്നു കാട്ടിയാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഫെബ്രുവരി 16നായിരുന്നു നടപടി. പിന്നാലെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 65 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് ആദായ നികുതി വകുപ്പിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു.
ബിജെപി സര്‍ക്കാരിന്റേത് സാമ്പത്തിക തീവ്രവാദമാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന പ്രതിപക്ഷത്തെ അശക്തമാക്കുകയാണെന്നും നടപടി ജനാധിപത്യത്തിനെതിരായ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കി. കൂടാതെ ഭരണഘടനാവിരുദ്ധമായി പിരിച്ചെടുത്ത പണം ബിജെപി വ്യാപകമായി തിരഞ്ഞെടുപ്പിനായി ഒഴുക്കുമ്പോള്‍ നിയമാനുസൃത ക്രൗഡ് ഫണ്ടിങ്ങിലൂടെ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തങ്ങളുടെ പണം സര്‍ക്കാര്‍ സീല്‍ ചെയ്യുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.