'ജനാധിപത്യത്തെ അവഹേളിക്കുന്നു': ബിബിസി ഓഫീസിലെ റെയ്‌ഡിനെ വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്
ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന പ്രവണതയുടെ തുടർച്ചയാണ് ബിബിസിയിലെ റെയ്‌ഡെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനെയും, ജനാധിപത്യത്തെയും അവഹേളിക്കുന്നതാണ് ഈ പ്രവണത. മാധ്യമപ്രവർത്തകരുടെയും സംഘടനകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബിബിസി ഓഫീസുകൾ സീൽ ചെയ്യുകയും ജീവനക്കാരോട് ഓഫീസിൽ നിന്ന് പുറത്തുപോകരുതെന്ന് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്
നിർദിഷ്ട നിയമങ്ങൾക്ക് അനുസൃതമായി വേണം അന്വേഷണങ്ങൾ സംഘടിപ്പിക്കാന്‍. സർക്കാരുകൾ അത് ഉറപ്പാക്കണമെന്നും സ്വതന്ത്ര മാധ്യമങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിലേക്ക് ഏജൻസികളുടെ അന്വേഷണം അധഃപതിക്കരുത്. കേന്ദ്ര ഏജൻസികളുടെ സമാന അന്വേഷണങ്ങൾ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും ഗിൽഡ് ചൂണ്ടിക്കാട്ടുന്നു. 2021ൽ മാധ്യമസ്ഥാപനങ്ങളായ ന്യൂസ്‌ക്ലിക്ക്, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്കർ, എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡുകൾ അതിന് ഉദാഹരണമായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെതിരെയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് രണ്ടവസരങ്ങളിലും റെയ്‌ഡുകൾ നടന്നത്.
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രേഖകളും മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ബിബിസി ഓഫീസുകൾ സീൽ ചെയ്യുകയും ജീവനക്കാരോട് ഓഫീസിൽ നിന്ന് പുറത്തുപോകരുതെന്ന് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ നികുതി ഉദ്യോഗസ്ഥർ പിന്നീട് ബിബിസി ഓഫീസുകളിലേത് റെയ്ഡല്ലെന്നും സർവേയാണെന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പിടിച്ചെടുത്ത ഫോണുകൾ തിരിച്ചു നൽകുമെന്നും അറിയിച്ചു.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു.ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റർ പോസ്റ്റുകളും വീഡിയോകളും തടയാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.