രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി

രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി

2024ലും 2029ലും ഭരണത്തുടർച്ച ഉറപ്പെന്ന് പ്രധാനമന്ത്രി
Updated on
1 min read

രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. ഗാർഡർ ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിലേക്ക് സ്വാഗതം ചെയ്തത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് ദേശീയ പതാക ഉയർത്തിയതിന് ശേഷം അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. '' മണിപ്പൂരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി സമാധാനം നിലനിൽക്കുന്നുണ്ട്, അങ്ങനെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മണിപ്പൂരിലെ സമാധാനത്തിനായി ശ്രമം തുടരുകയാണ് '' - പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റ ആക്രമണങ്ങളുണ്ടായെന്നും മോദി പറഞ്ഞു.

'' കോവിഡിന് ശേഷം പുതിയ ലോകക്രമം ഉടലെടുക്കുകയാണ്. മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ഈ അവസരം ജനങ്ങൾ ഉപയോഗപ്പെടുത്തണം '' - പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യമെന്ന നയമാണ് 2014ലും 2019ലും ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കാൻ കാരണമായത്. 2024ലും 2029ലും ഭരണത്തുടർച്ച ഉറപ്പാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'' എൻഡിഎ അധികാരത്തിലെത്തുമ്പോൾ ഇന്ത്യ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇപ്പോൾ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അഞ്ച് വർഷത്തിനകം മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകുന്നത്. 2047ൽ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാജ്യമായി മാറും. രാജ്യത്തിന്റെ കഴിവിന്റെയും ലഭ്യമായ വിഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്ന് തിന്മകളോട് പോരാടുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം'' - പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് വികസനമുണ്ടാകുന്നത് വനിതകളുടെ നേതൃത്വത്തിലായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''25000 ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങും. സ്വന്തമായി വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ ബാങ്ക് വായ്പ ലഭ്യമാക്കാൻ പദ്ധതിക്ക് തുടക്കമിടും. അടുത്തമാസം മുതൽ പരമ്പരാഗത വൈദഗ്ധ്യമുള്ളവർക്കായി വിശ്വകർമ പദ്ധതി ആരംഭിക്കും. 13,000 മുതൽ 15,000 കോടിവരെ ഇതിനായി മാറ്റിവയ്ക്കും'' പ്രധാനമന്ത്രി അറിയിച്ചു.

1800 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രത്യേക ക്ഷണമുള്ളത്. കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, കര-വ്യോമ-നാവിക സേന മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ചെങ്കോട്ടയിലെത്തിയത്.

logo
The Fourth
www.thefourthnews.in