പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെന്ത്? സോണിയയുടെ കത്തിനെ തുടർന്ന് വാക്പോരുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ

പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെന്ത്? സോണിയയുടെ കത്തിനെ തുടർന്ന് വാക്പോരുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ

സോണിയാ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് കൂടിയെത്തിയതോടെയാണ് പോര് മുറുകിയത്
Updated on
1 min read

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ അജണ്ടകളെ ചൊല്ലി ഭരണപക്ഷ പ്രതിപക്ഷ പോര്. സെപ്റ്റംബർ 18ന് ചേരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ അജണ്ടകൾ മുൻകൂട്ടി അറിയിക്കാത്തത്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെ സംഭവങ്ങളെ രാഷ്ട്രീയവത്കരിച്ച് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണ് സോണിയ ഗാന്ധിയെന്ന് ആരോപിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി രംഗത്തുവന്നു. തൊട്ടുപിന്നാലെ സോണിയ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് കൂടിയെത്തിയതോടെയാണ് പോര് മുറുകിയത്.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിലെ അജണ്ടകൾ മറ്റു രാഷ്ട്രീയപാർട്ടികളുമായി മുൻകൂട്ടി അറിയിക്കാത്തതിനെതിരെയായിരുന്നു സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. 'ഇന്ത്യ' സഖ്യവും കേന്ദ്ര നടപടിയോടുള്ള വിയോജിപ്പ് പരസ്യമാക്കിയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സോണിയ ഗാന്ധിയും കോൺഗ്രസുമെന്നാണ് പാർലമെന്ററികാര്യ മന്ത്രിയുടെ വാദം. ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ സമ്മേളനം വിളിച്ചതെന്നും നടപടിക്രമങ്ങൾ പാലിച്ചുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെന്ത്? സോണിയയുടെ കത്തിനെ തുടർന്ന് വാക്പോരുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ
ഉദയനിധി സ്റ്റാലിന് പ്രതിരോധം തീർത്ത് ഡിഎംകെ; അമിത് മാളവ്യയ്ക്കും തലവെട്ടാൻ ആഹ്വാനം ചെയ്ത സന്യാസിക്കുമെതിരെ കേസ്

കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. സാധാരണ പ്രത്യേക സമ്മേളനം ചേരുന്നതിനുമുൻപ് അജണ്ടകൾ പ്രതിപക്ഷത്തെ അറിയിക്കുന്ന രീതിയുണ്ടെന്ന് വിശദമാക്കുന്നതായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്. അതിനായി ഒൻപത് സ്ലൈഡുകളുള്ള ഒരു പവർ പോയിന്റ് പ്രസന്റേഷനും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. അജണ്ട അറിയിച്ചതും ചർച്ച ചെയ്തതുമായ പ്രത്യേക സമ്മേളനങ്ങളെ കുറിച്ചുള്ളതായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്.

മുൻപ് പല സർക്കാരുകളും പല അവസരങ്ങളിലും പ്രത്യേക സമ്മേളനങ്ങൾ വിളിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ അജണ്ടകളെ കുറിച്ച് അറിയാമായിരുന്നു എന്നും ജയറാം രമേശ് പറഞ്ഞു. പാർലമെന്റിനെ തുടർച്ചയായി അവഹേളിക്കുകയും പാർലമെന്ററി പാരമ്പര്യങ്ങൾ അട്ടിമറിക്കുകയും ചെയ്യുകയാണ് മോദി സർക്കാരെന്നും അദ്ദേഹം കുറിച്ചു.

പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെന്ത്? സോണിയയുടെ കത്തിനെ തുടർന്ന് വാക്പോരുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമല്ല; വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി കത്ത് നൽകി

രാഷ്ട്രപതിയുടെ ജി20 ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുമെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനായി പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതോടെയാണ് അജണ്ടകളെ ചൊല്ലിയുള്ള ചർച്ചകൾ രൂക്ഷമായത്.

കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും ചർച്ചകൾക്ക് ശേഷമായിരുന്നു സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അജണ്ടയൊന്നും പ്രഖ്യാപിക്കാത്തതിനാൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണിപ്പൂർ കലാപവും വിലക്കയറ്റവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധിക്ക് പാർലമെന്റ് രീതികളെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രൾഹാദ് ജോഷിയുടെ മറുപടി.

logo
The Fourth
www.thefourthnews.in