കോണ്‍ഗ്രസിന്റെ നഷ്ടം 'ഇന്ത്യ'യുടെ മുഖം മാറ്റുമോ? കളത്തിലിറങ്ങാന്‍ മമതയും നിതീഷും
2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാതെ വന്നതോടെ, പ്രതിപക്ഷ സഖ്യത്തിന്റെ തലപ്പത്തിരിക്കാം എന്ന ചിന്തയും കോണ്‍ഗ്രസിന് ഉപേക്ഷിക്കേണ്ടിവരും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ പ്രതിപക്ഷ നിരയില്‍ വിമര്‍ശനം ശക്തമാണ്. കടുത്ത അതൃപ്തിയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ നിതീഷ് കുമാറും അഖിലേഷ് യാദവും മമത ബാനര്‍ജിയും അടക്കമുള്ള നേതാക്കള്‍ സമ്മതം മൂളാത്തത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയുടെ പ്രധാന മുഖമാക്കി മാറ്റാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ഇനി താത്പര്യമില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യ മുന്നണിയുടെ പുതിയ മുഖമായി ആരു വരും? നിതിഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടി ജെഡിയുവും മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും ഇതിനോടകം കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.
നിതീഷിന്റെ മനസ്സിലെന്ത്?
കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ആര്‍ജെഡിയും ജെഡിയുവും കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. അതുകൊണ്ടുതന്നെ, നിതീഷിന്റെ നീക്കത്തെ ലാലു പ്രസാദ് യാദവും പിന്തുണയ്ക്കുന്നു എന്ന് സാരം. 'പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു മുന്നോട്ടു പോകണമോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇന്ത്യ സഖ്യമാണ്. എന്നാല്‍ നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയവും അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടും നിര്‍ണായക സ്വാധീനം ചെലുത്തും'- ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞതാണ് ഈ വാക്കുകള്‍.
ഇന്ത്യ മുന്നണിയില്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ ധൈര്യം കാണിച്ച ഏക മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നും അദ്ദേഹം നിര്‍ണായ പങ്കുവഹിക്കുന്നതോടെ, മുന്നണിയ്ക്കും അതിന്റെ രാഷ്ട്രീയത്തില്‍ കൃത്യത നിലനിര്‍ത്താന്‍ സാധിക്കുമെന്നും കെ സി ത്യാഗി പറയുന്നു. മുന്നണിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് പകരം, സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാത്ത നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ത്യാഗി പറഞ്ഞു.
താന്‍ തുടക്കമിട്ട മുന്നണി നീക്കത്തെ കോണ്‍ഗ്രസ് 'ഹൈജാക്ക്' ചെയ്തെന്ന പരിഭവം നിതീഷ് കുമാറിനുണ്ട്. സംസ്ഥാനങ്ങളില്‍ ഓടിനടന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പട്നയില്‍ ഇന്ത്യ സഖ്യത്തിന് ആദ്യ പൊതുവേദി ഒരുക്കുകയും ചെയ്തത് നിതീഷ് ആയിരുന്നു. തനിക്ക് പ്രധാനമന്ത്രി സ്ഥാന മോഹമില്ലെന്ന് അടിക്കടി പറഞ്ഞെങ്കിലും ഡല്‍ഹിയിലേക്കുള്ള പാതയൊരുക്കുക തന്നെയായിരുന്നു നിതീഷിന്റെ പ്രധാന ഉദ്ദേശം. എന്നാല്‍, കോണ്‍ഗ്രസിന്റെ സാന്നിധ്യം നിതീഷിന്റെ നീക്കങ്ങള്‍ അത്ര സുഗമമാക്കിയില്ല.
കോണ്‍ഗ്രസ് മുന്നണിയെ കയ്യിലൊതുക്കാന്‍ ശ്രമിച്ചതില്‍ നിതീഷിന് കടുത്ത അമര്‍ഷമുണ്ട്. മുന്നണിക്ക് 'ഇന്ത്യ' എന്ന് പേരിട്ടതിലെ പരിഭവം നിതീഷ് മറച്ചുവച്ചിരുന്നില്ല. ഒടുവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും നിതീഷിനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും മുന്നണി നീക്കങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. 'സെമി ഫൈനലില്‍' കോണ്‍ഗ്രസ് വീണതോടെ, നിതീഷ് കുമാര്‍ നീക്കങ്ങള്‍ വീണ്ടും സജീവമാക്കിയേക്കാം.
മമത ബാനര്‍ജി കളത്തിലിറങ്ങുമോ?
കോണ്‍ഗ്രസിന്റെ വീഴ്ചയില്‍ അവസരം നോക്കിയിരിക്കുന്ന നേതാക്കളില്‍ പ്രധാനിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജി. ബംഗാളില്‍ ബിജെപിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മമത ബാനര്‍ജിയ്ക്ക്, ഡല്‍ഹിയി മോഹം നേരത്തെയുണ്ട്. കെസിആറിന്റെയും ചന്ദ്രബാബു നായിഡുവിന്റേയും മൂന്നാം മുന്നണി നീക്കങ്ങള്‍ കൈകൊടുത്തതും അതുകൊണ്ടുതന്നെ. എന്നാല്‍, നായിഡു ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തനാവുകയും കെസിആറിന് നീക്കങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെയും വന്നതോടെ, മമതയും പതിയെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിലേക്ക് എത്തുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നിലവിലെ തോല്‍വിക്ക് പിന്നാല, മമത ബാനര്‍ജിയെ മുന്നണിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിളിച്ച മുന്നണി യോഗത്തെ കുറിച്ച് അറിയില്ലെന്നും തനിക്ക് കൊല്‍ക്കത്തയില്‍ ഔദ്യോഗിക പരിപാടികളുണ്ടെന്നുമാണ് മമത ബാനര്‍ജി പറഞ്ഞത്.
പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമില്ലെങ്കിലും യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന് കോണ്‍ഗ്രസ് നയങ്ങളോട് കടുത്ത അതൃപ്തിയുണ്ട്. മധ്യപ്രദേശിലെ സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസ് കാണിച്ച അവഗണനയെ തുടര്‍ന്നാണ് 71 സീറ്റുകളില്‍ എസ്പി തനിച്ച് മത്സരിച്ചത്. കോണ്‍ഗ്രസുമായി യുപിയില്‍ സഖ്യമുണ്ടാക്കില്ലെന്ന് നേരത്തെ തന്നെ അഖിലേഷ് പ്രഖ്യാപിച്ചിട്ടുമുണ്ട്. അഖിലേഷുമായി നിതീഷും മമത ബാനര്‍ജിയും നല്ല സൗഹൃദത്തിലാണ്. മമത ബാനര്‍ജി അടിക്കടി അഖിലേഷുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. മമതയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ വരെ അഖിലേഷ് പങ്കെടുത്തിരുന്നു. ഇന്ത്യ സഖ്യത്തിന്റെ മുഖമായി മാറാന്‍ ദീദി കച്ചകെട്ടിയിറങ്ങിയാല്‍, അഖിലേഷിന്റെ പിന്തുണ മമതയ്ക്ക് തന്നെയായിരിക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കോണ്‍ഗ്രസിന്റെ വീഴ്ച തക്കം പാര്‍ത്തിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ബില്ലിന് എതിരെ കോണ്‍ഗ്രസ് രംഗത്തുവന്നാല്‍ മാത്രമേ സഖ്യനീക്കവുമായി സഹകരിക്കൂ എന്ന് വാശിപിടിച്ചിരുന്നു കെജരിവാള്‍. എന്നാല്‍, പിന്നീട് മയപ്പെട്ടു. പക്ഷേ, കോണ്‍ഗ്രസിന്റെ 'മുന്നണിയിലെ പ്രമുഖര്‍' നിലപാട് ഇനി കെജരിവാള്‍ അംഗീകരിച്ചുകൊടുക്കണമെന്നില്ല. ഇന്ത്യ മുന്നണിയില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാകാനാണ് സാധ്യതയെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.