ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?

ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ പൂട്ടാന്‍ ശ്രമിക്കുന്ന ബിജെപി നീക്കത്തിന് എതിരായ പ്രതിഷേധം എന്ന നിലയില്‍ മാത്രമല്ല, പ്രതിപക്ഷത്തിന്റെ കരുത്തുകാട്ടല്‍ കൂടിയായി ഈ റാലി മാറും
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട് നില്‍ക്കെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും അതിനുപിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിക്ക് സമരാവേശം നല്‍കിയോ? ഈ ചോദ്യത്തിനുള്ള ഉത്തരമാകും ഇന്ന് ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന പ്രതിപക്ഷത്തിന്റെ റാലി. സീറ്റ് വിഭജന ചര്‍ച്ചകളിലെ അസ്വാരസ്യങ്ങളില്‍ കിതയ്ക്കുന്ന മുന്നണിക്ക്, ഒരു ഒത്തുചേരല്‍ വേദി നിര്‍ണായകമായിരുന്നു. അങ്ങനെയൊരു വേദിയാണ് ബിജെപി തന്നെ ഇന്ത്യ മുന്നണിക്ക് ഒരുക്കി നല്‍കിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ പൂട്ടാന്‍ ശ്രമിക്കുന്ന ബിജെപി നീക്കത്തിന് എതിരായ പ്രതിഷേധം എന്ന നിലയില്‍ മാത്രമല്ല, പ്രതിപക്ഷത്തിന്റെ കരുത്തുകാട്ടല്‍ കൂടിയായി ഈ റാലി മാറും.

എന്നാല്‍, ഈ റാലിയിലേക്ക് ഒരുമിച്ച് എത്തുമ്പോഴും പ്രതിപക്ഷത്തിന് എത്രമാത്രം ഐക്യം നേടാന്‍ സാധിച്ചിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഏതെങ്കിലും ഒരു നേതാവിന് മാത്രമായല്ല റാലി നടത്തുന്നത് എന്ന് ഇതിനോടകം തന്നെ വെടിപൊട്ടിച്ചുണ്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അരവിന്ദ് കെജ്‌രിവാളിനെ പ്രതിപക്ഷത്തിന്റെ പ്രധാന മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്ന് ഈ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കണം.

"നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി നടത്തുന്നത്. കെജ്‌രിവാളിന്റെ വിഷയമുണ്ട്, അതുപോലെ തന്നെ ബിജെപി ലക്ഷ്യം വെച്ച ഹേമന്ത് സോറനെയും മറ്റു നിരവധി പേരേയും മറക്കാന്‍ സാധിക്കില്ല. റാലി ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനാണ്," ജയറാം രമേശിന്റെ വാക്കുകള്‍ ഇങ്ങനെ.

ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?
"ഒരുനാൾ ബിജെപി ഭരണം അവസാനിക്കും, അന്ന് ജനാധിപത്യം അട്ടിമറിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും;" രാഹുലിന്റെ ഗ്യാരന്റി

റാലി നടത്തുന്നത് തങ്ങളുടെ നതൃത്വത്തിലാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ എഎപി ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് ഒരു സന്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. റാലി നടത്തുന്നത് ഇന്ത്യ മുന്നണിയാണ്. അത് കെജ്‌രിവാളിന് വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ്.

മുന്നണി രൂപീകരണത്തില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നു. ഡല്‍ഹിയില്‍ മാത്രമാണ് ഇരു പാര്‍ട്ടികളും സഖ്യമുള്ളത്. ഇന്ത്യ മുന്നണി നിലവില്‍ ഇല്ലായിരുന്നെങ്കില്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ കോണ്‍ഗ്രസ് പിന്തുണച്ചേനെ. പ്രതിപക്ഷത്തിന്റെ മുഖം തങ്ങള്‍ തന്നെയായിരിക്കണം എന്ന് കോണ്‍ഗ്രസ് വാശിപിടിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്ത് കെജ്‌രിവാളിനെ പ്രതിഷ്ഠിക്കാന്‍ ഒരുകാരണവശാലും കോണ്‍ഗ്രസ് അനുവദിക്കില്ല. മറുവശത്ത് കെജ്‌രിവാളിന് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും ജയില്‍ മോചിതനാകുന്ന കെജ്‌രിവാള്‍ ആയിരിക്കും മോദിയോട് നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നതെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് എഎപി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്ന ഇടതു പാര്‍ട്ടികളും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന് എതിരെയുള്ള എതിര്‍പ്പ് പരസ്യമാക്കിയാണ് സിപിഎമ്മും സിപിഐയും പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷം എല്ലാ റാലികളിലും പൊതുപരിപാടികളിലും ഇടത് പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.

ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?
കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?

കെജ്‌രിവാളിനോട് നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന മമത ബാര്‍ജി പക്ഷേ റാലിയില്‍ പങ്കെടുക്കില്ല. പകരം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയെ അയക്കാം എന്നാണ് മമത അറിയിച്ചിരിക്കുന്നത്. ഡെറിക് ഒബ്രയാന്‍ ആണ് ടിഎംസിക്ക് വേണ്ടി പങ്കെടുക്കുന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറെ, ഡിഎംകെയുടെ തിരുച്ചി ശിവ, ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, സിപിഐഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ജി ദേവരാജന്‍ എന്നിവരാണ് റാലിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍.

ഇന്ത്യ മുന്നണിയായി മത്സരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സഖ്യം സീറ്റ് ധാരണയില്‍ എത്തിയിരിക്കുന്നത്. ബിഹാറില്‍ നിരവധി തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കഴിഞ്ഞദിവസമാണ് സീറ്റുകളില്‍ ധാരണയായത്. തമിഴ്‌നാട്ടിലും ധാരണയായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. പഞ്ചാബില്‍ എഎപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. ബംഗാളില്‍ ഇതുവരേയും കോണ്‍ഗ്രസും ടിഎംസിയും തമ്മിലുളള തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് പക്ഷേ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ ഒരുമിച്ച് നിന്നില്ലെങ്കില്‍ കൈപൊള്ളുമെന്ന് ധാരണയുണ്ട്.

ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?
'കോണ്‍ഗ്രസ് നികുതി അടയ്‌ക്കേണ്ടത് 626 കോടിക്ക്, സമയം നല്‍കിയിട്ടും മറുപടിയില്ല'; വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് എതിരെയും ആദായനികുതി വകുപ്പ് കനത്ത പിഴ ചുമത്തിയതിന് എതിരേയും കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ഈ വിഷയവും റാലിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും. പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങളും വേദിയില്‍ ചര്‍ച്ചയാകും. ഭിന്നിച്ചും കലഹിച്ചും നിന്ന ഇന്ത്യ മുന്നണിയിലെ അംഗങ്ങളെ ഇ ഡി നീക്കങ്ങളിലൂടെ ഒന്നിപ്പിക്കുകയാണ് ബിജെപി ചെയ്തത് എന്ന നിഗമനത്തിലേക്കും എത്താം. 'അഴിമതിക്കാരെ തുടച്ചുനീക്കാനുള്ള ശ്രമത്തിന് എതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു' എന്ന പ്രചാരണം മോദിക്കും ബിജെപിക്കും നടത്താന്‍ സാധിക്കും. പക്ഷേ, പ്രതിപക്ഷ മുന്നണിക്ക് ആവേശം പകരാന്‍ ഒരു വേദി തുറന്നുകിട്ടിയിരിക്കുയാണ്. ഭിന്നതകള്‍ മറന്നു ഈ വേദി കൃത്യമായി ഉപയോഗിച്ചാല്‍ 'ഇന്ത്യ'ക്ക് മുന്നേറാന്‍ സാധിക്കും.

logo
The Fourth
www.thefourthnews.in