ചന്ദ്രയാൻ 3, മണിപ്പൂർ കലാപം, ഗാസ ആക്രമണം : സംഭവബഹുലമായ 2023
സംഭവ ബഹുലമായ ഒരു വർഷമാണ് കടന്ന് പോകുന്നത്. ആഗോള - ദേശീയ തലങ്ങളിലും നമ്മുടെ കൊച്ചു കേരളത്തിലും വാര്‍ത്തകള്‍ നിറഞ്ഞ വർഷമായിരുന്നു 2023. കഴിഞ്ഞുപോയതിനെ സംബന്ധിച്ച് നോക്കുമ്പോൾ വലിയ പ്രതീക്ഷകളുടേതാണ് വരാനിരിക്കുന്ന വർഷം. മൂന്നാമൂഴം പ്രതീക്ഷിക്കുന്ന ബിജെപിയും ചരിത്രം കുറിക്കാനൊരുങ്ങുന്ന ഇന്ത്യ സഖ്യവും പൊതു തിരഞ്ഞെടുപ്പും 2024 നെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. ആഗോള തലത്തിൽ നോക്കുമ്പോൾ രണ്ട് ക്രൂരമായ അധിനിവേശങ്ങൾ അനന്തമായി നീളുകയും ചെയ്യുകയാണ്.
2023 ലെ സുപ്രധാന സംഭവങ്ങൾ നോക്കാം :
ജനുവരി : സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നോട്ട് നിരോധനനത്തിന്റെ സാധുത ഉയർത്തിപ്പിടിച്ചത് ഈ വർഷത്തെ പ്രധാന വാർത്തകളില്‍ ഒന്നായി. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെതന്നെ ആശങ്കയിലാക്കി അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും ആരോപിച്ച് ഹിൻഡൻബർഗ് ഗ്രൂപ്പ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. വലിയ വിവാദങ്ങൾക്കാണ് റിപ്പോർട്ട് വഴിവച്ചത്.
അതേസമയം, ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ ഉൾപ്പടെയുള്ള ഇന്ത്യയിലെ ചില മുൻനിര ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ജന്തർമന്തറിൽ പ്രതിഷേധം ആരംഭിച്ചതും ജനുവരിയില്‍ രാജ്യം കണ്ടു. ലൈംഗിക പീഡനം പോലുള്ള ഗുരുതര ആരോപണങ്ങളും താരങ്ങൾ ഉയർത്തിയിരുന്നു.
കായിക ലോകത്ത് ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ 22-ാം ഗ്രാൻഡ് സ്ലാം നേടിയ നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിന്റെ റെക്കോഡിനൊപ്പമെത്തി.
ഫെബ്രുവരി : തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ 59,000 പേർ മരിച്ചു. വലിയ നാശ നഷ്ടങ്ങൾ ഉണ്ടായി.
ഇന്ത്യന്‍ തലസ്ഥാന നഗരവും രാഷ്ട്രീയ നീക്കങ്ങളാല്‍ കലുഷിതമായി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു .
മാർച്ച് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം വരെ അനിശ്ചിതത്ത്വത്തിലായതാണ് മാര്‍ച്ച് മാസത്തെ പ്രധാന സംഭവം. 'മോദി-കുടുംബനാമ' പരാമർശം നടത്തിയ കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടു. ഈ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ഇന്ത്യയിൽ നിന്ന് ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനം, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി എലെഫന്റ്റ് വിസ്പറേഴ്സ് എന്നിവ 2023 ലെ ഓസ്കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.
ഈ വർഷത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങൾ ബിജെപി നിലനിർത്തിയപ്പോൾ മേഘാലയയിൽ എൻപിപി സഖ്യം വിജയിച്ചു .
ഏപ്രിൽ : ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറി. ചൈനയെ മറികടന്നായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മാസങ്ങൾ നീണ്ട അരക്ഷിതാവസ്ഥകൾക്കൊടുവിൽ ഖലിസ്ഥാനി വിഘടനവാദി നേതാവ് അമൃതപാൽ സിങ് അറസ്റ്റിലായി. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും അയയ്ക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ്, പറന്നുയർന്ന് മിനിറ്റുകൾക്കകം പൊട്ടിത്തെറിച്ചു.
മെയ് : ഈ വർഷത്തിലെ അഞ്ചാം മാസത്തിൽ മണിപ്പൂരിൽ മെയ്തി വിഭാഗത്തിനും കുക്കി-സോ ആദിവാസി സമൂഹത്തിനും ഇടയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ 175 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘടനം മെയ് മാസത്തിൽ ആയിരുന്നു. ഉദ്‌ഘാടന ദിവസം മന്ദിരത്തിന് പുറത്തു ഗുസ്തി താരങ്ങൾ നടത്തിയ സമരവും പോലീസ് താരങ്ങളെ വലിച്ചിഴച്ചതും വലിയ വാർത്തയായിരുന്നു. കർണാടക സംസ്ഥാന തിരഞ്ഞെടുപ്പിൽ 34 വർഷത്തിനിടയിലെ ഏറ്റവും വലിയ വോട്ട് വിഹിതത്തിൽ കോൺഗ്രസ് വൻ വിജയം നേടുന്നതും മെയ് കണ്ടു.
ആരോഗ്യ രംഗത്ത് കോവിഡ് ഒരു അടിയന്തരാവസ്ഥ അല്ലെന്ന് ലോകാരോഗ്യ സംഘടനാ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ ചാൾസ് മൂന്നാമൻ ഗ്രേറ്റ് ബ്രിട്ടന്റെയും കോമൺവെൽത്തിന്റെയും രാജാവായി ഔദ്യോഗികമായി കിരീടധാരണം ചെയ്തു.
ജൂൺ : ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുന്നൂറോളം പേർ മരിച്ചു. മറ്റൊരു ദുരന്തത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ പുറപ്പെട്ട ആഴക്കടൽ മുങ്ങിക്കപ്പൽ ടൈറ്റൻ പൊട്ടിത്തെറിച്ചു. ടൈറ്റനിൽ ഉണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു.
യെവ്ഗനി പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള ഒരു സ്വകാര്യ കൂലിപ്പടയാളി സംഘം റഷ്യക്കെതിരെ കലാപം നീക്കം നടത്തിയതും ലോകം ജൂണില്‍ കണ്ടു. ശാസ്ത്ര രംഗത്ത് ശാസ്ത്രജ്ഞർ ബീജമോ അണ്ഡമോ ഇല്ലാതെ കൃത്രിമ ഭ്രൂണം സൃഷ്ടിച്ചു.
ജൂലൈ : 21 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഇന്ത്യ സഖ്യം രൂപീകരിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന പേരിൽ ഇന്ത്യ രുപീകരിച്ചത്. ഇന്ത്യയിൽ പ്രളയം, ഗ്രീസിൽ കാട്ടു തീ തുടങ്ങിയ ഭീകരമായ കാലാവസ്ഥ വ്യതിയാന ദുരന്തങ്ങൾ ഉണ്ടായി.
ഓഗസ്റ്റ് : ഐഎസ്ആർഒ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിൽ ഇറക്കി. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യ സഖ്യത്തിൽ നിന്ന് അവിശ്വാസ പ്രമേയം നേരിട്ടു. പാർലമെന്റിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചാണ് അവിശ്വാസ പ്രമേയം അവസാനിച്ചത്.
ആഗോള തലത്തിൽ മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതി കേസിൽ അറസ്റ്റിലായി 5 വർഷത്തേക്ക് രാഷ്ട്രീയത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. കായിക രംഗത്ത് വനിതാ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി.
റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
സെപ്റ്റംബർ: ജി 20 ഉച്ചകോടി ഡൽഹിയിൽ നടന്നു. ആഫ്രിക്കൻ യൂണിയൻ ജി 20 യിൽ സ്ഥിരാംഗമായി. കനേഡിയൻ മണ്ണിൽ ഒരു സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു. ഇന്ത്യ ആരോപണത്തെ ശക്തമായി എതിർത്തു.
നിയമനിർമാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കുകയും പ്രസിഡന്റ് ദ്രൗപദി മുർമു ഒപ്പുവയ്ക്കുകയും ചെയ്തു.
ഇന്ത്യയുടെ ആദ്യത്തെ സൗരോർജ നിരീക്ഷണ ദൗത്യമായ ആദിത്യ-എല്‍ 1 ഐഎസ്ആർഒ വിക്ഷേപിച്ചു.
ഒക്ടോബർ : 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ഏകദേശം 50 വർഷങ്ങൾക്ക് ശേഷം, ഒക്‌ടോബർ 7 ന് ഗാസ മുനമ്പിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണം ഉണ്ടായി. ഇസ്രയേലിന്റെ കണക്കുകൾ പ്രകാരം 1,200 ഇസ്രയേലികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളിൽ ഇതുവരെ ഏകദേശം 18,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വവർഗ വിവാഹത്തിൽ സുപ്രീം കോടതിയുടെ നിർണായക വിധി പ്രഖ്യാപനം. നിലവിലെ നിയമം അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ സാധ്യതയില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതേസമയം, സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തി.
നവംബർ : 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപിച്ചു.
സീൽക്കാര ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തെ പരിശ്രമത്തിനൊടുവിൽ വിജയകരമായി പുറത്തെത്തിച്ചു.
ഡിസംബർ : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു. അതേസമയം മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയിച്ചു.
മോദി സർക്കാരിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളും ടിഎംസി എംപിയുമായ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻറിൽ അതിക്രമമുണ്ടായി. ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുൻപ് ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേർ സഭാംഗങ്ങളുടെ ചേംബറിലേക്ക് ചാടുകയും മഞ്ഞകളറിലുള്ള സ്‌മോക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.