സീറ്റ് ബെൽറ്റ് അലാറം ബ്ലോക്കറുകൾ വിൽക്കുന്നത് നിർത്താൻ ആമസോണിനോട് ഇന്ത്യ
വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രി വാഹമാപകടത്തിൽ മരിച്ചതിന് പിന്നാലെ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കാറുകളിലെ സീറ്റ് ബെല്‍റ്റ് അലാറങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന ഉപകരണങ്ങളുടെ വില്‍പന നിര്‍ത്തണമെന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആമസോണിനോട് ഇന്ത്യ ആവശ്യപ്പെട്ടു. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ കാര്‍ ഓടിക്കുന്ന സമയത്തുണ്ടാകുന്ന അലാറം ഒഴിവാക്കാനായി ആമസോണില്‍ ഒരു തരം മെറ്റല്‍ ക്ലിപ്പ് ലഭ്യമാണെന്നും അത് വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
''ഇത്തരം മെറ്റല്‍ ക്ലിപ്പുകളുടെ വില്‍പന നിയമവിരുദ്ധമല്ല. സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒഴിവാക്കാൻ ആളുകൾ ആമസോണിൽ നിന്ന് ഇത്തരം ക്ലിപ്പുകൾ വാങ്ങുന്നു. ഇത് വിൽക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ആമസോണിന് നോട്ടീസ് അയച്ചിട്ടുണ്ട്'' - ഗഡ്കരി പറഞ്ഞു. ഇതിനുപുറമെ ഇത്തരം ഉപകരണങ്ങൾ വിൽക്കുന്നത് നിർത്താൻ മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളോട് ആവശ്യപ്പെടാൻ റോഡ് ഗതാഗത മന്ത്രാലയം ഉപഭോക്തൃ കാര്യ മന്ത്രാലയത്തിനും കത്തെഴുതിയിട്ടുണ്ട്.
എന്നാൽ ആമസോൺ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം ആമസോണിന്റെ ഇന്ത്യ വെബ്‌സൈറ്റിൽ ബുധനാഴ്ച ഇത്തരം ചെറിയ മെറ്റൽ ക്ലിപ്പുകൾ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 249 രൂപ മുതല്‍ ഇത്തരം ക്ലിപ്പുകള്‍ ആമസോണില്‍ ലഭ്യമായിരുന്നു.
ഇന്ത്യയിലെ റോഡുകളില്‍ ഓരോ നാല് മിനിറ്റിലും ഒരു മരണം സംഭവിക്കുന്നതായി ലോകബാങ്ക് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021ല്‍ മാത്രം ഇന്ത്യയില്‍ 150,000 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണത്തിന് പിന്നാലെ കാറുകളിലെ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ പിന്നിൽ ഇരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപകട സമയത്ത് സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡ്രൈവർക്കും മുൻ സീറ്റുകൾക്കും മാത്രമല്ല പിൻസീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2024ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.