ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി നരേന്ദ്ര മോദി

നദീജല കരാറുകളില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും

ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായി ജോയിന്‍റ് റിവർ കമ്മീഷൻ യോഗം ചേരും
Updated on
2 min read

പുതിയ നദീജല കരാറുകളില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന കുഷിയാര, ഗംഗ നദികളെ സംബന്ധിച്ചുള്ള ചർച്ചകൾ ഈ മാസം അവസാനം ആരംഭിക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഓഗസ്റ്റ് അവസാന വാരം ജോയിന്റ് റിവർ കമ്മീഷൻ (ജെആർസി) യോഗം ചേരാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ പ്രധാന നദികളെ സംബന്ധിച്ച കരാറിന് പുറമെ നദീജലത്തിന്റെ വിവരങ്ങൾ പങ്കിടലും, വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള ജലം പങ്കിടൽ പലപ്പോഴും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കാറുള്ളതിനാൽ കരാർ സംബന്ധിച്ച വിവരങ്ങൾ നയതന്ത്ര വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

അസമിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന കുഷിയാര നദി സംബന്ധിച്ച കരാർ ജെആർസി യോഗത്തില്‍ പൂർത്തിയായേക്കും. ധാക്കയിൽ തിരഞ്ഞെടുപ്പിന് മുൻപുള്ള, ഹസീനയുടെ അവസാന ഡൽഹി സന്ദർശനമാണ് സെപ്റ്റംബർ 6 ,7 തീയതികളിൽ ഉണ്ടാവുക എന്നതും ശ്രദ്ധേയമാണ്. അതിനാൽ ഗംഗാനദി സംബന്ധിച്ചുള്ള ചർച്ചകൾക്കും ഇതുമായി ബന്ധപ്പെട്ട കരാറിനും സാധ്യതയുണ്ടെന്ന് നയതന്ത്ര വൃത്തങ്ങൾ സൂചന നൽകുന്നു.

ജെആർസി യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലുള്ള ടീസ്റ്റ ഉടമ്പടിയില്‍ പുതിയ വഴിത്തിരിവാകുമോ എന്ന ചോദ്യം പ്രസക്തമാണ്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംവാദങ്ങളിൽ എപ്പോഴും ഇടം പിടിക്കാറുള്ള നദീജല കരാറുകളിൽ പ്രധാനമാണ് ടീസ്റ്റ നദീജല തർക്കം. ടീസ്റ്റ നദിയിലെ ജലം ഇരു രാജ്യങ്ങൾക്കും തുല്യ അളവിൽ നൽകണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം, പശ്ചിമ ബംഗാൾ, സിക്കിം സംസ്ഥാനങ്ങൾ എതിർത്തതോടെ നിലച്ചു.

പിന്നീട്, ഹസീന 2019 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശിച്ചപ്പോഴും, ബംഗ്ലാദേശ് ടീസ്റ്റ വിഷയത്തിൽ അടിയന്തിര തീരുമാനം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് ചർച്ചകൾ തുടങ്ങാനിരിക്കെ, കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ടീസ്റ്റ വിഷയത്തിൽ പുതിയ വഴിത്തിരിവിലേക്ക് നയിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപിച്ചുകിടക്കുന്ന ടീസ്റ്റ നദി
ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപിച്ചുകിടക്കുന്ന ടീസ്റ്റ നദി

ബംഗ്ലാദേശും ഇന്ത്യയും 54 നദികൾ പങ്കിടുന്നു. വരാനിരിക്കുന്ന ജെആർസി ടീസ്റ്റയ്ക്ക് പുറമെ, മനു, മുഹൂരി, ഖോവായ്, ഗോമതി, ധർല, ദൂത്കുമാർ തുടങ്ങിയ നദികളിലെ സഹകരണവും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. മികച്ച മത്സ്യബന്ധനവും വെള്ളപ്പൊക്ക നിയന്ത്രണ തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള മികച്ച സംഭാവനകളാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷയിലുള്ളത്. 2026ൽ പുതുക്കാൻ നിശ്ചയിച്ചിരിക്കുന്ന 1996ലെ ഗംഗാജല ഉടമ്പടിയും ചർച്ചയായേക്കാം. 1996 ഡിസംബർ 12ന് പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും ഹസീനയും ഒപ്പുവച്ച ഉടമ്പടി മുപ്പത് വർഷത്തിനുശേഷം പുതുക്കി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നദികളിലെ മലിനീകരണം കുറയ്ക്കുക, ജലഗതാഗത സാധ്യതകൾ വർധിപ്പിക്കുക എന്നിവയും അജണ്ടയിലുണ്ട്.

logo
The Fourth
www.thefourthnews.in