നുറുക്ക് അരി കയറ്റുമതി നിരോധിച്ച് കേന്ദ്രം; ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ നീക്കം
നുറുക്ക് അരി കയറ്റുമതി നിരോധിച്ച് ഇന്ത്യ. ആഭ്യന്തര വിപണയില്‍ അരി ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ബസുമതി ഇതര അരികളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചതായി അറിയിച്ചത്. ഇന്ന് മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും. 2015- 2020 വരെയുള്ള വിദേശ വ്യാപാര നയത്തിലെ വ്യവസ്ഥകള്‍ പുതിയ വിജ്ഞാപനത്തിന് ബാധകമല്ല. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴിയുള്ള അരി വിതരണത്തിന് കേന്ദ്രം പ്രതിവര്‍ഷം 2700 കോടി രൂപ ചെലവഴിക്കാനും ധാരണയായി.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നെല്‍കൃഷിയില്‍ ഇടിവുണ്ടായതിനാല്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്‌റെ ഭാഗമായാണ് ബസുമതി ഒഴികെയുള്ള അരികളുടെ കയറ്റുമതിക്ക് 20 ശതമാനം അധിക തീരുവ ചുമത്തിയത്.
ആഗോള തലത്തില്‍ അരി കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ ആറിലൊന്നായ 22 ദശലക്ഷം ടണ്‍ അരിയാണ് 2021-22 ല്‍ ഇന്ത്യ കയറ്റുമതി ചെയ്തത്