ചൈനീസ് പ്രതിരോധമന്ത്രി എത്തും മുന്‍പ് ഇന്ത്യ - ചൈന സൈനികതല ചര്‍ച്ച
ഇന്ത്യ - ചൈന സൈനികതല ചര്‍ച്ചക നടത്തി. ഇരുസൈന്യങ്ങള്‍ക്കുമിടയിലെ പതിനെട്ടാം റൗണ്ട് ചര്‍ച്ചകളാണ് ഞായറാഴ്ച നടന്നത്. നിയന്ത്രണരേഖയിലെ വിഷയങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. മൂന്ന് വര്‍ഷമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷ പശ്ചാത്തലമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.
ഏപ്രില്‍ 27 ,28 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിനായി ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ കൂടിയാണ് സൈനികതല ചര്‍ച്ച.
ലെഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘം ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചൈനീസ് സൈന്യത്തിന് നേതൃത്വം നല്‍കിയത്. ഗാല്‍വാന്‍ താഴ്വരയടക്കമുള്ള മേഖലകളില്‍ നിലവില്‍ 60,000ത്തിലധികം സൈനികരെയാണ് ഇരു രാജ്യങ്ങളും വിന്യസിച്ചിട്ടുള്ളത്.
ലഡാക്കിന് എതിര്‍വശം ചൈനീസ് സൈന്യം കര -വ്യോമ സേനകളെ ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഈ പ്രദേശങ്ങളിലായി പുതിയ വ്യോമ താവളങ്ങളും സൈനിക കേന്ദ്രങ്ങളും ഒരുക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കില്‍ ചൈനയെ പ്രതിരോധിക്കാനായി ഇന്ത്യയും റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വിന്യസിപ്പിക്കുന്നുണ്ട്.
ദെപ്‌സാങ് സമതലങ്ങളിലെയും ഡെംചോക്കിലെയും പൈതൃക വിഷയങ്ങളും ഇരുപക്ഷവും ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ റൗണ്ടുകളില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ചര്‍ച്ചയായ വിവിധ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ സാധിച്ചതായും സൂചനയുണ്ട്.
2020ലെ ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഡല്‍ഹി സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രിയും രാജ്നാഥ് സിങ്ങുമായി ഏപ്രില്‍ 27ന് നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കും.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം നടന്ന ചില മേഖലകളില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറിയെങ്കിലും അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ക്ക് അന്ത്യമായിട്ടില്ല.