സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദി

'എപ്പോഴും അക്രമത്തിനും തീവ്രവാദത്തിനുമെതിര്'; സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് ഇന്ത്യ

ആക്രമണത്തിൽ ഇന്ത്യയുടെ ആദ്യ പ്രതികരണമാണിത്
Updated on
1 min read

ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആദ്യമായാണ് സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണമുണ്ടാകുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തിലാണ് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചത്.

സംഭവത്തില്‍ ഇന്ത്യ മൗനം പാലിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. 'ഇന്ത്യ എപ്പോഴും അക്രമത്തിനും തീവ്രവാദത്തിനും എതിരാണ്. സല്‍മാന്‍ റുഷ്ദി വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു' അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഓഗസ്റ്റ് 12-ന് ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റ്യൂഷനിൽ നടന്ന പരിപാടിയിലാണ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കൈയിലെ ഞരമ്പുകള്‍ മുറിയുകയും കരളിന് കുത്തേൽക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. റുഷ്ദിയെ കുത്തി പരിക്കേൽപ്പിച്ച 24 വയസുള്ള ഹാദി മറ്റാറിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.

ആക്ഷേപഹാസ്യ, അതിയാഥാർത്ഥ്യ ഗദ്യശൈലിക്ക് പേരുകേട്ട എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1988ൽ "ദ സാത്താനിക് വേഴ്‌സ്" എന്ന പുസ്തകം പുറത്തിറയങ്ങിയതോടെ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നു. മതനിന്ദ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ, പാകിസ്താൻ തുടങ്ങി പല രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു. പല ഇടങ്ങളിലും പുസ്തകം കത്തിക്കുകയും ചെയ്തു. റുഷ്ദിക്കെതിരായ ആക്രമണത്തെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ ഉൾപ്പെടെയുള്ളവർ അപലപിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in