BF.7 വകഭേദം: അന്താരാഷ്ട്ര വിമാനങ്ങൾ നിയന്ത്രിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വിദഗ്ധര്‍
ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് വിദഗ്ധര്‍. അന്താരാഷ്ട്ര വിമാനങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് വരെയുള്ള നടപടികൾ കൈക്കൊള്ളേണ്ട ആവശ്യം ഇപ്പോഴില്ല. എന്നാൽ ചൈനയുൾപ്പെടെ രാജ്യങ്ങളുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ ശക്തമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ നിരീക്ഷണ പ്രകാരം ഇന്ത്യയിലെ ആളുകൾക്ക് 'ഹൈബ്രിഡ് ഇമ്മ്യൂണിറ്റി', അതായത് വാക്സിനേഷൻ വഴി ശക്തിപ്പെടുന്ന സ്വാഭാവിക പ്രതിരോധശേഷിയുടെ ഗുണം ഉള്ളതിനാൽ ഗുരുതരമായ സാഹചര്യം ഇന്ത്യയിൽ രൂപപ്പെടാൻ സാധ്യതയില്ല. കോവിഡ് കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള ഉയർച്ചയോ ആശുപത്രിയിലെ പ്രതിസന്ധികളോ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍, നിലവില്‍ കോവിഡ് കേസുകളുടെ വർധന ഇല്ല, ഇന്ത്യ ഇപ്പോൾ ആശ്വാസകരമായ സാഹചര്യത്തിലാണ്.
രോഗ വ്യാപനം തടയാൻ വിമാനങ്ങൾ നിരോധിക്കുന്നത് ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ കാണിക്കുന്നു. കൂടാതെ ചൈനയിലെ ഗുരുതര സാഹചര്യത്തിന് കാരണമായ ഒമിക്രോൺ ഉപ വകഭേദം ബിഎഫ്.7 ഇതിനകം തന്നെ നമ്മുടെ രാജ്യത്ത് കണ്ടെത്തിയതായി വിവരങ്ങൾ കാണിക്കുന്നുണ്ട്. അതിനാൽ തന്നെ നിലവിലെ സാഹചര്യവും ജനസംഖ്യയിൽ നല്ല അളവിലുള്ള ഹൈബ്രിഡ് പ്രതിരോധശേഷിയും കണക്കിലെടുക്കുമ്പോൾ, ഒരു ലോക്ക്ഡൗണിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല -ഡോ.രൺദീപ് ചൂണ്ടിക്കാട്ടി.
അണുബാധയുടെ വ്യാപനം തടയാൻ വിമാനങ്ങൾ നിരോധക്കുന്നത് ഫലപ്രദമല്ലെന്ന് മുൻകാല അനുഭവങ്ങൾ തന്നെ കാണിക്കുന്നു
ഡോ.രൺദീപ് ഗുലേറിയ
സഫ്ദർജംഗ് ഹോസ്പിറ്റലിലെ പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ്പ് മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ ഡോ നീരജ് ഗുപ്തയുടെ അഭിപ്രായ പ്രകാരം മറ്റു രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യയിലെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, നല്ല വാക്‌സിനേഷൻ തുടങ്ങിയ സ്വമേധയാ ഉള്ള നടപടികൾ പൗരന്മാർ സ്വീകരിക്കുന്നതുമൂലം രാജ്യത്തിന് നേട്ടമുണ്ടാകും. കുറഞ്ഞ സ്വാഭാവിക പ്രതിരോധശേഷി കാരണം ചൈന ഇപ്പോൾ താരതമ്യേന കൂടുതൽ ദുർബലമാണ്. രാജ്യത്തിന്റെ കർശനമായ ലോക്ക്ഡൗൺ സംവിധാനം കാരണം അവരുടെ ജനസംഖ്യ കുറഞ്ഞ പ്രതിരോധശേഷിയുള്ളതും കൂടുതൽ ദുർബലവുമാകാം. എന്നാൽ ഇന്ത്യയിലെ സ്ഥിതി സമാനമല്ല.
ഒമിക്രോൺ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. രോഗികള്‍ക്കും രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും ക്വാറന്റൈന്‍ വേണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.