ബഹിരാകാശ സഞ്ചാരി സമന്ത ക്രിസ്റ്റോഫോറെറ്റി
ബഹിരാകാശ സഞ്ചാരി സമന്ത ക്രിസ്റ്റോഫോറെറ്റി

ഇതാ വ്യത്യസ്തമായൊരു സ്വാതന്ത്ര്യ ദിനാശംസ... ബഹിരാകാശത്ത് നിന്ന്

ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരി സമന്ത ക്രിസ്റ്റോഫോറെറ്റിയാണ് സന്ദേശമയച്ചത്
Updated on
1 min read

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ്. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് ആശംസകൾ എത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആശംസകൾ സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ പുതുമയല്ലെങ്കിലും ഇത്തവണ വ്യത്യസ്തമായൊരു ആശംസ എത്തി. അതും ബഹിരാകാശത്ത് നിന്ന്. ഇറ്റാലിയന്‍ ബഹിരാകാശ സഞ്ചാരിയായ സമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യയ്ക്ക് ആശംസാ സന്ദേശം അയച്ചത്.

ഐഎസ്എസിനും നാസയ്ക്കും യൂറോപ്യൻ സ്പേസ് ഏജൻസിക്കും വേണ്ടിയായിരുന്നു സമന്തയുടെ ആശംസാ സന്ദേശം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും വീഡിയോയിലൂടെ സാമന്ത ആശംസയറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡർ തരന്‍ജിത്ത് സിങ് സന്ധു വഴിയാണ് വീഡിയോ ഐഎസ്ആർഒയ്ക്ക് കൈമാറിയത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ജന്മവാര്‍ഷിക ദിനമായ ഓഗസ്റ്റ് 13 ന് സന്ധു സന്ദേശം ട്വിറ്ററിലൂടെ പങഅകുവെച്ചു.

ഒരു മിനിറ്റും 13 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നാസയും ഐഎസ്ആര്‍ഒയും ചേർന്നുള്ള സംയുക്ത ഭൌമനിരീക്ഷണ ദൗത്യത്തെ പറ്റി സാമന്ത പരാമര്‍ശിക്കുന്നുണ്ട്. ഭാവി ബഹിരാകാശ പര്യവേഷണത്തിൽ ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ കുറിച്ചും അവർ സൂചിപ്പിക്കുന്നു. ഗഗൻയാൻ പദ്ധതിയ്ക്കും മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന പദ്ധതിക്കും ആശംസയുമറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടയിലെത്തിയ ബഹിരാകാശ സന്ദേശം വലിയ സന്തോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ആശംസയ്ക്ക് ഐഎസ്ആര്‍ഒയും നന്ദി പറഞ്ഞു.

logo
The Fourth
www.thefourthnews.in