മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

28 ദിവസത്തിന്റെ ഇടവേളകളിലാണ് രണ്ട് ഡോസുകള്‍ നല്‍കേണ്ടത്
Updated on
1 min read

രാജ്യത്തെ ആദ്യത്തെ നേസല്‍ കോവിഡ് വാക്സിൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചേർന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന വാക്സിൻ iNCOVACC ഭാരത് ബയോടെക്കാണ് വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ ഒരു ഡോസിന് 325 രൂപയ്ക്ക് സര്‍ക്കാരിന് ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കാണ് ലഭ്യമാകുക.

2022 ഡിസംബറില്‍ ഭാരത് ബയോടെക്കിന് ആദ്യ രണ്ട് ഡോസുകള്‍ക്കും ബൂസ്റ്റര്‍ ഡോസിനുമുള്ള അനുമതി ലഭിച്ചിരുന്നു.അടിയന്തര സാഹചര്യങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് നിയന്ത്രിതമായ അളവില്‍ മൂക്കില്‍ കൂടി ഉപയോഗിക്കാവുന്ന ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ കേന്ദ്ര ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിരുന്നു. 28 ദിവസത്തിന്റെ ഇടവേളകളിലാണ് രണ്ട് ഡോസുകള്‍ നല്‍കേണ്ടത്.

മറ്റേതെങ്കിലും വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്കും iNCOVACC സ്വീകരിക്കാം

ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് നേസല്‍ വാക്‌സിന്‍ നല്‍കാനാകില്ലെന്ന് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിന്റെ മേധാവി പറഞ്ഞു. മറ്റേതെങ്കിലും വാക്സിന്റെ രണ്ട് ഡോസ് എടുത്തവർക്കും iNCOVACC സ്വീകരിക്കാം. കോവിന്‍ വെബ്‌സെറ്റ് സന്ദര്‍ശിച്ച് ഇന്‍ട്രാ നേസല്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി.

iNCOVACC സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്തത്തോടെയാണ് വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുമായി ബയോടെക്‌നോളജിയുടെ കോവിഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരാണ് ധനസഹായം നല്‍കിയത്. റിപ്പബ്ലിക് ദിനത്തില്‍ വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാണ്ഡവ്യയുടെ വസതിയില്‍ വച്ചായിരുന്നു വാക്‌സിന്‍ അവതരിപ്പിച്ചത്.

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ
മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന് അംഗീകാരം: രാജ്യത്ത് ആദ്യം; 18 കഴിഞ്ഞവര്‍ക്ക് ഉപയോഗിക്കാം

വാക്സിന്‍ സ്‌പ്രേ രൂപത്തില്‍ മൂക്കിലേക്ക് അടിക്കുകയാണ് ചെയ്യുന്നത്. വൈറസ് പകരുന്നത് ശ്വസനത്തിലൂടെ ആയതിനാല്‍ മൂക്കിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന വാക്സിന്‍ കൂടുതല്‍ പ്രതിരോധ ശേഷിനല്‍കുമെന്നാണ് നിര്‍മാണ കമ്പനിയുടെ അവകാശവാദം. വാക്‌സിന്‍ നല്‍കുന്നതിനായി സിറിഞ്ച് ആവശ്യമില്ലാതെയാകുന്നതോടെ വിദഗ്ധ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരും വാക്‌സിനേഷന് ആവശ്യമില്ലാതെയാകും. വാക്‌സിനേഷന്‍ പ്രക്രിയയുടെ ആകെ ചെലവ് കുറയ്ക്കാന്‍ പുതിയ മാര്‍ഗം സഹായകമാകുമെന്നാണ് കരുതുന്നതെന്നും ഭാരത് ബയോടെക് തലവന്‍ കൃഷ്ണ യെല്ല നേരത്തെ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in