രാജ്യത്ത് രണ്ട് മാസത്തിനിടെ ചത്തത് 30 കടുവകൾ; ഏറ്റവും കൂടുതൽ മധ്യപ്രദേശിൽ
രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 30 കടുവകൾ ചത്തുവെന്ന് റിപ്പോർട്ട്. എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) ഉദ്യോഗസ്ഥർ പറയുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കടുവകളുടെ മരണം വർധിക്കുന്നത് സാധാരണയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൻഹ, പന്ന, രൺതംബോർ, പെഞ്ച്, കോർബറ്റ്, സത്പുര, ഒറാങ്, കാസിരംഗ, സത്യമംഗലം തുടങ്ങിയ കടുവാ സങ്കേതങ്ങളിൽ നിന്നാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 30 മരണങ്ങളിൽ 16 എണ്ണം മാത്രമാണ് സംരക്ഷണ കേന്ദ്രത്തിന് പുറത്ത് നിന്നുള്ളത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ ചത്തത്. 9 കടുവകളാണ് ഇവിടെ ചത്തത്. ഏഴ് കടുവകൾ ചത്ത മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ചത്ത കടുവകളിൽ ഒരു കുട്ടിയും മൂന്ന് പ്രായപൂർത്തിയായവരും ബാക്കിയുള്ളവ മുതിർന്നവയുമാണ്. എൻടിസിഎയുടെ കണക്കുകൾ പ്രകാരം 2021ൽ 127 കടുവകളുടെ മരണം രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞ കൊല്ലം മാത്രം 121 കടുവകളാണ് ചത്തത്.
ഈ വർഷം ചത്ത കടുവകളുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കടുവകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായും മരണസംഖ്യയിൽ വർദ്ധനവുണ്ടാകും
''ഈ രണ്ട് സംസ്ഥാനങ്ങളിലും (മധ്യപ്രദേശിലും മഹാരാഷ്ട്രയിലും) കടുവകൾ കൂടുതലായി ചാകുന്നതിന്റെ കാരണം അവയിൽ മുതിർന്ന കടുവകളുടെ എണ്ണം കൂടുതലാണ് എന്നതാണ്. ഈ വർഷം ചത്ത കടുവകളുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കടുവകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായും മരണസംഖ്യയിൽ വർദ്ധനവുണ്ടാകും. എൻടിസിഎയുടെ ഡാറ്റയിൽ നിന്ന്, ഏതൊരു വർഷത്തിലും ഏറ്റവും കൂടുതൽ കടുവകൾ ചത്തൊടുങ്ങുന്നത് ജനുവരി മുതൽ മാർച്ച് വരെയാണ്. കടുവകൾ തങ്ങളുടെ പ്രദേശങ്ങൾ ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്ന സമയമാണിത്. അതിനാൽ കടുവകൾ തമ്മിൽ സംഘർഷമുണ്ടാകും. കടുവകൾക്കിടയിലും പ്രാദേശിക സംഘർഷങ്ങളുണ്ട്''- മുതിർന്ന എൻടിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
രാജ്യത്തെ കടുവകളുടെ എണ്ണം പ്രതിവർഷം ആറ് ശതമാനം എന്ന നിരക്കിൽ വർധിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കടുവകളുടെ മരണസംഖ്യ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. കടുവകളുടെ എണ്ണം വർധിച്ചുവരുന്നതും കണക്കിലെടുക്കണം. ഒരു കടുവയുടെ ശരാശരി ആയുസ് 12 വർഷമാണ്. ഈ വർഷവും കടുവകളുടെ എണ്ണത്തിൽ ആറ് ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ (2012-2022) ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലാണ്. 270 കടുവകളാണ് ഇവിടെ ചത്തത്. 184 കടുവകൾ ചത്ത മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. കർണാടകയിൽ 150 കടുവകളും ചത്തു
എൻടിസിഎയുടെ കണക്കുകൾ പ്രകാരം, 2022ൽ 121 കടുവകളാണ് ചത്തത്. ഇതിൽ മധ്യപ്രദേശിൽ 34ഉം, മഹാരാഷ്ട്രയിൽ 28ഉം, കർണാടകയിൽ 19മാണ്. 2021ൽ രാജ്യത്തുടനീളം 127 കടുവകളാണ് ചത്തതെന്നുമാണ് എൻടിസിഎ കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ (2012-2022) ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലാണ്. 270 കടുവകളാണ് ഇവിടെ ചത്തത്. 184 കടുവകൾ ചത്ത മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. കർണാടകയിൽ 150 കടുവകളും ചത്തു. ഇതേ കാലയളവിൽ ഝാർഖണ്ഡ്, ഹരിയാന, ഗുജറാത്ത്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ കടുവകൾ വീതമാണ് ചത്തത്.
രേഖകൾ പ്രകാരം സ്വാഭാവിക കാരണങ്ങളാലാണ് ഏറ്റവും കൂടുതൽ കടുവകൾ ചത്തത്. വേട്ടയാടലാണ് രണ്ടാമത്തെ വലിയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2020ൽ ഏഴ്, 2019ൽ 17, 2018ൽ 34 എന്നിങ്ങനെയാണ് വേട്ടയാടൽ കേസുകളുണ്ടായത്.