ഇറക്കുമതി ഇനി വേണ്ട , രാജ്യത്തിനു സ്വന്തം 'ഹെലികോപ്റ്റർ  ഫാക്ടറി '

ഇറക്കുമതി ഇനി വേണ്ട , രാജ്യത്തിനു സ്വന്തം 'ഹെലികോപ്റ്റർ  ഫാക്ടറി '

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ശാല  തുംകുരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Updated on
2 min read

പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ മുഴുവൻ ഹെലികോപ്റ്ററുകളും തദ്ദേശീയമായി നിർമിക്കാൻ ഇനി രാജ്യത്തിന് സ്വന്തം ഹെലികോപ്റ്റർ നിർമാണശാല. കർണാടകയിലെ തുംകുരുവിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്ക്സ് ലിമിറ്റഡിന്റെ (HAL )ഗ്രീൻ ഫീൽഡ് ഹെലികോപ്റ്റർ ഫാക്ടറി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ശാലയാണിത് .
രാജ്യത്തിന്റെ സൈനിക - സൈനികേതര ആവശ്യങ്ങൾക്കുള്ള  മുഴുവൻ ഹെലികോപ്റ്ററുകളും ഇവിടെ നിർമിക്കും. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളുടെ ഉത്പാദനം മുതൽ എല്ലാ തരം ഹെലികോപ്റ്ററുകളുടെയും നിർമാണം,ഉപയോഗം, അറ്റകുറ്റ പ്പണി തുടങ്ങിയവ ഒരു കുടക്കീഴിലാക്കുക എന്നതാണ് ലക്ഷ്യം .  ഒരു ഹെലികോപ്റ്റർ രൂപകൽപ്പന ചെയ്യുന്നത് തൊട്ടുള്ള എല്ലാ കാര്യങ്ങളിലും ഗ്രീൻഫീൽഡ് ഹെലികോപ്റ്റർ ഫാക്ടറിക്ക് ഉത്തരവാദിത്വമുണ്ട്.

പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള 615 ഏക്കർ ഭൂമിയിലാണ് ഹെലികോപ്റ്റർ നിർമാണ ശാല പ്രവർത്തിക്കുന്നത്. 3 - 15 ടൺ വരെ ഭാരമുള്ള 1000 ഹെലികോപ്റ്ററുകളാണ് ഇവിടെ  ആദ്യ ഘട്ടത്തിൽ നിർമിക്കുക. 20 വർഷത്തിനുള്ളിൽ 4 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നാണ് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ കണക്കു കൂട്ടൽ . പ്രതിവർഷം 30 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ നിർമിക്കാനുള്ള ഒരുക്കങ്ങൾ ഹെലികോപ്റ്റർ നിർമാണ ശാലയിൽ നടക്കുകയാണ്, ഘട്ടം ഘട്ടമായി ഉത്പാദനം കൂട്ടും. പ്രതിവർഷം 60 - 90 വരെ നിർമാണങ്ങൾ നടക്കുന്ന രീതിയിലാണ് ഫാക്ടറിയിലെ സജ്ജീകരണങ്ങൾ . വ്യോമസേനയും  - കരസേനയും നൽകിയ ഓർഡറുകൾ ഉടൻ പൂർത്തീകരിക്കും.

തുടക്കത്തിൽ ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകൾ (LUH )ആണ് നിർമിക്കുന്നതെങ്കിലും ക്രമേണ ലൈറ്റ് കോംപാക്ട് ഹെലികോപ്റ്റർ ,ഇന്ത്യൻ മൾട്ടി റോൾ ഹെലികോപ്റ്റർ ,അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ തുടങ്ങിയവയും നിർമിച്ചു തുടങ്ങും . പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററിന്റെ ഇറക്കുമതി നിർത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത് . ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങളും യുദ്ധക്കോപ്പുകളും ഇറക്കുമതി ചെയ്തത് 2017 - 2021 കാലയളവിലായിരുന്നു . എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ആയുധ ഇറക്കുമതിയിൽ 21% കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട് . കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതിയിലൂടെ ഇത് സാധ്യമായെന്നാണ് വിലയിരുത്തല്‍

logo
The Fourth
www.thefourthnews.in