കിഴക്കൻ ലഡാക്കിൽ ഇന്ത്യക്ക് 26 പട്രോളിങ് പോയിന്റുകളിൽ പ്രവേശനം നഷ്ടപ്പെട്ടു: റിപ്പോർട്ട്
ഇന്ത്യൻ സുരക്ഷാ സേന സ്ഥിരമായി പട്രോളിംഗ് നടത്തിയിരുന്ന കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലും സ്വാധീനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കാരക്കോറം ചുരം മുതൽ ചുമൂർ വരെയുള്ള മേഖലയിലെ 26 പോയിന്റുകളിലാണ് പ്രവേശനം നഷ്ടമായത്. ഈ പ്രദേശത്ത് നിയന്ത്രണങ്ങളോ പട്രോളിങ്ങോ ഇല്ലാത്തതാണ് കാരണം. കിഴക്കൻ അതിർത്തി മേഖലകളിൽ ചൈനക്ക് സാമ്പത്തികവും തന്ത്രപരവുമായ താത്പര്യങ്ങൾ ഉള്ളതിനാൽ ഇന്ത്യയുടെ പട്രോളിങ് പോയിന്റുകള്‍ (പിപി) ഉള്ള വേലിയില്ലാത്ത പ്രദേശങ്ങളിൽ ഭാവിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹിയിൽ കഴിഞ്ഞയാഴ്ച നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിലാണ് നിർണായക വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചത്. മുതിർന്ന ഐപിഎസ് ഓഫീസറായ ലേ-ലഡാക്ക് എസ്പി പി ഡി നിത്യയാണ് റിപ്പോർട്ട് യോഗത്തില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യൻ സുരക്ഷാ സേനയുടെ നിയന്ത്രണമോ പട്രോളിങ്ങോ ഇല്ലാത്തതിനാൽ പിപി നമ്പർ 5-17, 24-32, 37, 51, 52, 62 എന്നിവയിൽ സൈന്യത്തിന് പ്രവേശനം നഷ്ടപ്പെട്ടു. ഇന്ത്യൻ സുരക്ഷാസേനയുടെയോ സാധാരണക്കാരുടെയോ സാന്നിധ്യം വളരെ കാലമായി ഇല്ലാത്തതിനാൽ, ഈ ഭാഗങ്ങളില്‍ ചൈനീസ് സാന്നിധ്യം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന അവകാശവാദം അംഗീകരിക്കാൻ നമ്മൾ നിർബന്ധിതരാകും. ഇത് ആത്യന്തികമായി ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുക. വളരെ പതുക്കെ ഭൂമി പിടിച്ചെടുക്കുന്ന ചൈനീസ് സൈന്യത്തിന്റെ ഈ നീക്കങ്ങളെ "സലാമി സ്ലൈസിങ്" എന്നാണ് വിളിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളില്‍ ഏറ്റവും മികച്ച ക്യാമറകൾ സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ചലനം നിരീക്ഷിക്കാൻ ചൈനീസ് സൈന്യം ഈ ബഫർ സോണുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ബ്ലാക്ക് ടോപ്പ്, ചുഷൂളിലെ ഹെൽമറ്റ് ടോപ്പ് പർവതങ്ങൾ, ഡെംചോക്ക്, കാക്‌ജംഗ്, ഹോട്ട് സ്പ്രിംഗ്‌സിലെ ഗോഗ്ര കുന്നുകൾ, ചിപ് ചാപ് നദിക്ക് സമീപമുള്ള ഡെപ്‌സാങ് സമതലങ്ങൾ എന്നിവിടങ്ങളിൽ ഈ പ്രത്യേക സാഹചര്യമുണ്ട് എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.