'ഭൂട്ടോയുടെ പ്രസ്താവന അപരിഷ്‌കൃതം'; ഇന്ത്യയെ അഭിസംബോധന ചെയ്യാനുള്ള യോഗ്യത പാകിസ്താനില്ലെന്ന്  വിദേശകാര്യ മന്ത്രാലയം

'ഭൂട്ടോയുടെ പ്രസ്താവന അപരിഷ്‌കൃതം'; ഇന്ത്യയെ അഭിസംബോധന ചെയ്യാനുള്ള യോഗ്യത പാകിസ്താനില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹിയിലെ പാകിസ്താൻ എംബസിക്ക് മുൻപിൽ ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധം
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ വിവാദ പ്രസ്താവനയെ അപരിഷ്‌കൃതം എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നരേന്ദ്ര മോദിയെ 'ഗുജറാത്തിലെ കശാപ്പുകാരൻ ' എന്ന് വിശേഷിപ്പിച്ച ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയെയാണ് വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചത്. പ്രസ്താവനക്ക് പിന്നാലെ ബിജെപി പ്രവർത്തകർ ഡൽഹിയിലെ പാകിസ്താൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധം നടത്തി. പോലീസുകാർ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ എംബസിയിലേക്ക് മാർച്ച് നടത്തി.

ബിജെപി പ്രവർത്തകർ ഡൽഹിയിലെ പാകിസ്താൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധം നടത്തി

" പാകിസ്താനെ സംബന്ധിടത്തോളം പോലും ബിലാവൽ ബൂട്ടോയുടെ പ്രസ്താവന തരം താഴ്ന്നതാണ്. 1971-ലെ ഈ ദിവസം പാകിസ്താൻ വിദേശകാര്യ മന്ത്രി മറന്നുപോയിരിക്കുന്നു, അന്നത്തെ ദിവസം ബംഗാളികൾക്കും ഹിന്ദുക്കൾക്കും നേരെ പാകിസ്താൻ ഭരണാധികാരികൾ അഴിച്ചുവിട്ട വംശഹത്യയുടെ നേരിട്ടുള്ള ഫലമായിരുന്നു. ദൗർഭാഗ്യവശാൽ, പാകിസ്താൻ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയതായി തോന്നുന്നില്ല. അതിനാൽ ഇന്ത്യയെ അഭിസംബോധന ചെയ്യാനുള്ള യോഗ്യത പാകിസ്താന് തീർച്ചയായും ഇല്ല, ഒസാമ ബിൻ ലാദനെ രക്തസാക്ഷിയായി വാഴ്ത്തുകയും ലഖ്‌വി, ഹാഫിസ് സയീദ്, മസൂദ് അസ്ഹർ, സാജിദ് മിർ, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ . യുഎൻ പ്രഖ്യാപിച്ച 126 ഭീകരരും 27 തീവ്രവാദികളും സംഘടനകളും ഉണ്ടെന്ന് മറ്റൊരു രാജ്യത്തിനും അഭിമാനിക്കാൻ കഴിയില്ല ,” വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ലോകത്താകമാനം നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ വാക്‌പോരിനിടയിലാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. യു എന്നിൽ കശ്മീർ വിഷയം ഉന്നയിച്ച ബിലാവലിനോട് ഒസാമക്ക് ആതിഥേയത്വം വഹിച്ചവർക്ക് കൗൺസിലിൽ പ്രസംഗിക്കാൻ അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ മറുപടി നൽകി. പിന്നാലെയായിരുന്നു പ്രധാനമന്ത്രിക്കും ആർഎസ്‌എസിനുമെതിരായ ബിലാവലിന്റെ പ്രതികരണം.

ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട് , അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പരാമർശം

" ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട് , അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയാകുന്നത് വരെ പാകിസ്താനില്‍ പ്രവേശിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. അദ്ദേഹം ആർ എസ് എസിന്റെ പ്രധാനമന്ത്രിയാണ്, എന്താണ് ആർഎസ്എസ്? ഹിറ്റ്‌ലറുടെ എസ്‌എസിൽ നിന്നാണ് ആർഎസ്‌എസ് പ്രചോദനം ഉൾക്കൊണ്ടത്,” എന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. മുൻപ് ഇന്ത്യ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന പാകിസ്താൻ വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവനയും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in