'മോദിക്ക് കീഴില്‍ പാകിസ്താന് ഇന്ത്യ മറുപടി നല്‍കാനുള്ള സാധ്യത കൂടുതല്‍'; യു എസ് ഇന്റലിജൻസ് റിപ്പോർട്ട്

'മോദിക്ക് കീഴില്‍ പാകിസ്താന് ഇന്ത്യ മറുപടി നല്‍കാനുള്ള സാധ്യത കൂടുതല്‍'; യു എസ് ഇന്റലിജൻസ് റിപ്പോർട്ട്

അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ നിലനിൽക്കുന്ന ആഗോള പ്രശനങ്ങളെക്കുറിച്ചുള്ള ഏജൻസിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ മുൻകാലങ്ങളെ അപേക്ഷിച്ച് പാകിസ്താന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ മറുപടി നൽകാൻ കൂടുതൽ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ നിലനിൽക്കുന്ന ആഗോള പ്രശനങ്ങളെക്കുറിച്ചുള്ള ഏജൻസിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്താനുമായുള്ള ബന്ധത്തിലെ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് യുഎസ് കോൺഗ്രസിന് സമർപ്പിച്ചു.

കൂടാതെ പിരിമുറുക്കങ്ങൾ വഷളാവുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആസൂത്രണത്തിൽ കാശ്മീരിൽ അക്രമാസക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ ഭീകരാക്രമണം നടക്കുകയോ ചെയ്യാം

ഇന്ത്യയ്ക്കും പാകിസ്താനും ആണവായുധങ്ങളുള്ളതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടുതൽ ആശങ്കാജനകമാണ്. ഇന്ത്യാ വിരുദ്ധ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നതില്‍ വലിയ ചരിത്രമുള്ള രാജ്യമാണ് പാകിസ്താൻ. 2021ന്റെ തുടക്കത്തിൽ നിയന്ത്രണ രേഖയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാർ പുതുക്കിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും അവരുടെ ബന്ധത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ശാന്തത ശക്തിപ്പെടുത്താനാണ് താത്പര്യപ്പെടുന്നത്. എന്നിരുന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് പാകിസ്താന്റെ പ്രകോപനങ്ങളോട് നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാൻ സാധ്യതയേറെയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

കൂടാതെ, രാജ്യങ്ങള്‍ക്കിടയിലെ പിരിമുറുക്കങ്ങൾ വഷളാകുന്ന സാഹചര്യത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആസൂത്രണത്തിൽ കശ്മീരിൽ ആക്രമണങ്ങളുണ്ടാകുകയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ ഭീകരാക്രമണം നടക്കുകയോ ചെയ്യാം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഇന്ത്യ പാകിസ്താനെതിരെ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

'മോദിക്ക് കീഴില്‍ പാകിസ്താന് ഇന്ത്യ മറുപടി നല്‍കാനുള്ള സാധ്യത കൂടുതല്‍'; യു എസ് ഇന്റലിജൻസ് റിപ്പോർട്ട്
ഇന്ത്യ- ചൈന അതിർത്തി തർക്കം; ബീജിങ്ങിൽ ഉദ്യോഗസ്ഥതല ചർച്ച നടന്നു

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധവും സമാനസ്വഭാവമുള്ളതാണ്. ഇരു രാജ്യങ്ങളും ഉഭയകക്ഷി അതിർത്തി ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും 2020 ലെ ഗാല്‍വാൻ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായി തുടരുകയാണ്. അതിർത്തി തർക്കത്തിൽ ഇരു കൂട്ടരും സ്വീകരിക്കുന്ന സൈനിക നിലപാടുകൾ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിന്റെ അപകടസാധ്യത ഉയർത്തുന്നുണ്ട്. അത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്കും വ്യക്തികൾക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ആ ഘട്ടത്തില്‍ യുഎസ് ഇടപെടണമെന്നും റിപ്പോർട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in