'ഇന്ത്യ'യുടെ സംയുക്ത റാലി അടുത്ത മാസം ഭോപ്പാലില്‍; സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജന ചർച്ചകള്‍ ഉടൻ
പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യുടെ ആദ്യ റാലി അടുത്ത മാസം ഭോപ്പാലില്‍. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിനുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് യോഗം ചേര്‍ന്നത്.
ജാതി സെൻസസ് വിഷയം ശക്തമായി ഉന്നയിക്കാനാണ് മുന്നണിയുടെ തീരുമാനം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ചാനലുകളിലേക്ക് പ്രതിനിധികളെ അയയ്ക്കില്ല. ഇത്തരം ചാനലുകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജന ചർച്ചകള്‍ ഉടൻ ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്തമായി പൊതു യോഗങ്ങള്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ പൊതുയോഗങ്ങളില്‍ ഉയർത്തിപ്പിടിക്കും.
14 അംഗങ്ങളുള്ള ഏകോപന സമിതിയിലെ 11 അംഗങ്ങളാണ് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്. ശരദ് പവാറിനെയും കെ സി വേണുഗോപാലിനെയും കൂടാതെ സിപിഐ നേതാവ് ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍, ഡിഎംകെയുടെ ടിആര്‍ ബാലു, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആംആദ്മി നേതാവ് രാഘവ് ചദ്ദ, ജെഡിയു നേതാവ് സഞ്ജയ് ത്സാ, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ജെഎംഎം നേതാവ് ഹേമന്ത് സോറനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, ജെഡിയു നേതാവ് ലാലന്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. സ്‌കൂൾ നിയമന കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേക് ബാനര്‍ജി യോഗത്തില്‍ നിന്നും വിട്ടുനിന്നത്.
അതേസമയം, ഏകോപന സമിതി യോഗത്തെ ഹിന്ദു വിരുദ്ധ ഏകോപന സമിതിയാണെന്ന് ബിജെപി പരിഹസിച്ചു. ഹിന്ദു മതത്തെ എങ്ങനെ അവസാനിപ്പിക്കാമെന്ന് അവര്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി വക്താവ് സമ്പിത് പത്‌റ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് മുംബൈയില്‍ വെച്ച് നടന്ന യോഗത്തിലാണ് 14 അംഗ ഏകോപന സമിതി രൂപീകരിച്ചത്. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാര്‍ട്ടിയിലെ 63 നേതാക്കളാണ് മുംബൈയില്‍ അന്ന് ഒത്തുകൂടിയത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ സിപിഎം പ്രതിനിധിയെയും പ്രഖ്യാപിച്ചിരുന്നില്ല. സെപ്റ്റംബര്‍ 16-17 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ സിപിഎം പ്രതിനിധിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.