ഗാന്ധി സ്മരണയില്‍ രാജ്യം ; രാജ്ഘട്ടില്‍ പ്രത്യേക ചടങ്ങ്

ഗാന്ധി സ്മരണയില്‍ രാജ്യം ; രാജ്ഘട്ടില്‍ പ്രത്യേക ചടങ്ങ്

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രക്തസാക്ഷിത്വ പരിപാടികളാണ് രാജ്ഘട്ടില്‍ അരങ്ങേറിയത്.
Updated on
1 min read

മഹാത്മഗാന്ധിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രാജ്ഘട്ടിലെത്തി. സര്‍വമത പ്രാര്‍ഥനയോടെയാണ് രാജ്ഘട്ടിലെ പരിപാടികള്‍ ആരംഭിച്ചത്. 10:30ന് തന്നെ പ്രധാന നേതാക്കള്‍ എത്തുകയും പുഷ്പ്പാര്‍ച്ചന നടത്തുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് ആദ്യം എത്തി പുഷ്പ്പാര്‍ച്ചന നടത്തിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സേനാ മേധാവിമാരും ലോകസഭ സ്പീക്കറും പുഷ്പ്പാര്‍ച്ചന നടത്താന്‍ എത്തി. രാജ്ഘട്ടിൽ മൗനാചരണവും നടത്തി. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രക്തസാക്ഷിത്വ പരിപാടികളാണ് രാജ്ഘട്ടില്‍ അരങ്ങേറിയത്.

ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വംവരിച്ച എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കില്ല. വികസിത ഇന്ത്യക്കായി പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും.'' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവന്‍ പഠിപ്പിച്ചു. രാഷ്ട്രപതി മാഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നതായി രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും മഹാത്മ ഗാന്ധിയെ അനുസ്മരിച്ചു . ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയെയും രാജ്യത്തിൻ്റെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

logo
The Fourth
www.thefourthnews.in