നിയമവിരുദ്ധ ലോണ്‍ ആപ്പുകളുടെ നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ നിയമവിരുദ്ധമായ ലോണ്‍ ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമപരമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയാണ്. നിയമ വിരുദ്ധമെന്ന് കണ്ടെത്തുന്ന ആപ്പുകള്‍ ഉടന്‍ നീക്കാനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തിലധികം വായ്പാ ആപ്പുകള്‍ ഗൂഗിള്‍ നേരത്തെ നീക്കം ചെയ്തിരുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലടക്കം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി ലോണ്‍ ആപ്പുകളാണുള്ളത്. ഇത്തരം ആപ്പുകളിലൂടെ ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞവര്‍ക്ക് പോലും വായ്പകള്‍ വാഗ്ദാനം ചെയ്യും. പിന്നീട് പണം തിരികെ ലഭിക്കാന്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ ഏജന്‍റുമാര്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ലോണ്‍ ആപ്പ് ഏജന്‍റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് ദമ്പതികളടക്കം ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിയമവിരുദ്ധ ലോണ്‍ ആപ്പുകള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിയമവിരുദ്ധ വായ്പാ ആപ്പുകളുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. നിയമപരമായ ആപ്പുകളുടെ വൈറ്റ്ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും വൈറ്റ് ലിസ്റ്റിലുള്ളവ മാത്രമെ ലഭ്യമാവുകയൊള്ളൂവെന്ന് ഐടി മന്ത്രാലയം ഉറപ്പാക്കും. ഇതിന് പുറമെ കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിച്ചിരിക്കാവുന്ന വ്യാജ അക്കൗണ്ടുകള്‍ ആര്‍ബിഐ നിരീക്ഷിക്കും. ദുരുപയോഗം തടയുന്നതിനായി ഇവ റദ്ദാക്കുകയും ചെയ്യും.
ഉപഭോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സൈബര്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിയമവിരുദ്ധമായ ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.