ആഗോള പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ ; പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ
ആഗോള പട്ടിണി സൂചികയിൽ വീണ്ടും പിന്നിലായി ഇന്ത്യ. ഈ വർഷത്തെ പ്രസിദ്ധീകരിച്ച 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 -ാം സ്ഥാനത്താണ്. 2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള മുഴുവൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും പിന്നിലായാണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാൾ മെച്ചമെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ഇന്ത്യക്ക് താഴെ 109-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഐറിഷ് എയ്ഡ് ഏജൻസി കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ പട്ടിണിയുടെ അളവ് അതീവ ഗുരുതരമാണെന്നാണ് സൂചിപ്പിക്കുന്നത്.
നിലവിൽ 44 രാജ്യങ്ങളിൽ അപകടകരമായ പട്ടിണി നിലകൾ നിലനിൽക്കുന്നുണ്ട്
ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിൽ വിശപ്പ് സമഗ്രമായി അളക്കുന്നതിനും ട്രാക്കു ചെയ്യുന്നതിനുമുള്ള സൂചികയാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചാ മുരടിപ്പ്, കുട്ടികളുടെ ഭാരക്കുറവ് (അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം) ശിശുമരണ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. വിശപ്പിന്റെ തീവ്രത പ്രതിഫലിപ്പിക്കുന്ന 100 പോയിന്റ് സ്കെയിലിലാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് സ്കോർ കണക്കാക്കുന്നത്. അതിൽ പൂജ്യമാണ് മികച്ച സ്കോർ (പട്ടിണിയില്ല എന്ന് സൂചിപ്പിക്കുന്നു). 100 ഏറ്റവും മോശമായ സ്‌കോറുമാണ്. അതായത് സൂചികയിലെ ഉയർന്ന സ്കോർ മോശമായ പട്ടിണി സാഹചര്യമാണ് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ സൂചികയിലെ സ്കോർ 29.1 ആണ്. 2014ൽ ഇത് 28.2 ആയിരുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാൾ മെച്ചമെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
പോഷകാഹാരക്കുറവിന്റെ തോത് 2018-2020ൽ 14.6 ശതമാനമായിരുന്നത് 2019-2021 ൽ 16.3 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ അനുപാതം ഇടത്തരം നിലയിലാണെന്നും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറവാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. കുട്ടികളുടെ വളർച്ചാ മുരടിപ്പ് 1998-1999ൽ 54.2 ശതമാനത്തിൽ നിന്ന് 2019-2021ൽ 35.5 ശതമാനമായി കുറഞ്ഞെങ്കിലും നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള പട്ടിണി സൂചികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ കുട്ടികളുടെ ഭാരക്കുറവ് (ഉയരത്തിന് ആനുപാതികമായ ഭാരം) ഏറ്റവും അധികം രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്.
എന്നാൽ മറ്റ് രണ്ട് സൂചികങ്ങളിൽ ഇന്ത്യ പുരോഗതി രേഖപ്പെടുത്തിയതായാണ് കാണുന്നത്. 2014നും 2022നും ഇടയിൽ കുട്ടികളുടെ വളർച്ചാ മുരടിപ്പ് 38.7% ൽ നിന്ന് 35.5% ആയി കുറഞ്ഞു. അതേ കാലയളവിൽ കുട്ടികളുടെ മരണനിരക്ക് 4.6% ൽ നിന്ന് 3.3% ആയും കുറഞ്ഞു.
ആഗോള പട്ടിണി സൂചികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ കുട്ടികളുടെ ഭാരക്കുറവ് (ഉയരത്തിന് ആനുപാതികമായ ഭാരം) ഏറ്റവും അധികം രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്.
നിലവിൽ 44 രാജ്യങ്ങളിൽ അപകടകരമായ പട്ടിണി നിലകൾ നിലനിൽക്കുന്നുണ്ട്. കോവിഡ് മഹാമാരി, യുക്രെയ്നിലെ യുദ്ധം ഉൾപ്പെടെയുള്ള സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ ലോകം വലിയ വെല്ലുവിളികൾ നേരിടുന്നതിനാൽ ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും പോഷകാഹാരക്കുറവ് വർദ്ധിച്ച നിലയിലാണ്.