യുക്രെയ്ന്റെ 'ഡേര്‍ട്ടി ബോംബ്' ഭീഷണി; റഷ്യ - ഇന്ത്യ പ്രതിരോധമന്ത്രിമാര്‍ ചര്‍ച്ച നടത്തി
റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ 'ഡേര്‍ട്ടി ബോംബ്' ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗ് ചര്‍ച്ച നടത്തി. യുക്രെയ്ന്‍ 'ഡേര്‍ട്ടി ബോംബ്' പ്രയോഗിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രി ടെലിഫോണ്‍ ചര്‍ച്ചയില്‍ രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു.
നയതന്ത്ര ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും റഷ്യ- യുക്രെയ്ന്‍ തര്‍ക്കം പരിഹരിക്കണമെന്ന ഇന്ത്യന്‍ നിലപാട് രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചു. ആണവായുധ പ്രയോഗമോ റേഡിയോളജിക്കല്‍ ബോംബ് പ്രയോഗമോ ഇരുഭാഗത്ത് നിന്നും ഉണ്ടാകരുത്. അത് മനുഷ്യരാശിക്ക് തന്നെ വലിയ വിപത്താണുണ്ടാക്കുകയെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി വിശദീകരിച്ചു. വിഷയത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി.
'ഡേര്‍ട്ടി ബോംബ്' പ്രയോഗ സാധ്യത മുന്‍നിര്‍ത്തി നാറ്റോ അംഗരാഷ്ട്രങ്ങളിലെ പ്രതിരോധമന്ത്രിമാരുമായും സെര്‍ജി ഷോയ്ഗു ചര്‍ച്ചകള്‍ നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റേഡിയോ ആക്ടീവ് 'ഡേര്‍ട്ടി ബോംബ്' പ്രയോഗത്തിന് യുക്രെയ്ന്‍ തയ്യാറെടുത്ത് കഴിഞ്ഞെന്ന് റഷ്യ ചര്‍ച്ചകളിലൂടെ വിവിധ പ്രതിരോധ മന്ത്രിമാരെ ധരിപ്പിച്ചു . വിഷയം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള ശ്രമം തുടരുമെന്ന നിലപാടിലാണ് റഷ്യ. ചൈനയുമായും റഷ്യന്‍ പ്രതിരോധമന്ത്രാലയം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന് മുന്‍പാകെ സാഹചര്യം അവതരിപ്പിക്കാനുള്ള ശ്രമം റഷ്യ തുടരുകയാണ്.
എന്താണ് ഡേര്‍ട്ടി ബോംബുകള്‍?
അണുബോംബില്‍ നിന്ന് വ്യത്യസ്തമാണ് ഇവ. ഡൈനാമൈറ്റുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് റേഡിയോ ആക്ടീവ് മലിനീകരണം സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്. അണുബോംബുകളേക്കാള്‍ ചെലവ് കുറഞ്ഞ് രീതിയില്‍ ഇവ നിര്‍മിക്കാനാകും. എത്രത്തോളം റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ് നിര്‍മാണ സമയത്ത് ഉപയോഗിക്കുന്നത് എന്നനുസരിച്ചിരിക്കും അപകടതോത്.