രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു; ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ 8.3 ശതമാനമായെന്ന് കണക്കുകള്‍. കഴിഞ്ഞ 12 മാസത്തിലെ കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇതെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
തൊഴിലില്ലാത്തവരുടെ എണ്ണം മൊത്തം തൊഴില്‍ ശക്തിയുടെ വര്‍ദ്ധനവിനേക്കാള്‍ ഉയരുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ആഗസ്റ്റില്‍ തൊഴില്‍ ശക്തി 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ വളരെ കുറവാണ്സൃഷ്ടിക്കപ്പെട്ടത്. ഇതിനൊപ്പം 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മൊത്തം തൊഴിലില്ലാത്തവരുടെ എണ്ണം 6.6 ദശലക്ഷമായി ഉയര്‍ന്നപ്പോള്‍, തൊഴില്‍ ശക്തി 4 ദശലക്ഷം മാത്രമാണ് ഉയര്‍ന്നത്. ഇതാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നതിനുള്ള പ്രധാന കാരണമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്തിന് ശേഷം ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായും പഠനങ്ങള്‍
ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ ആണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളില്‍ 9.6 ശതമാനവും ഗ്രാമങ്ങളില്‍ 7.7 ശതമാനവുമായിരുന്നു ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക്. ഫെബ്രുവരി, ജൂണ്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഉയര്‍ന്നു നിന്നിരുന്നതായും വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്. 30 ശതമാനത്തില്‍ അധികമാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, കോവിഡ് കാലത്തിന് ശേഷം ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ രഹിതരുടെ എണ്ണം 6.8 ശതമാനത്തില്‍ നിന്നും 12.1 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഓക്സ് ഫാം ഇന്ത്യയുടെ 'ദി ഇന്ത്യ ഡിസ്‌ക്രമിനേഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസത്തെ കണക്കാണിത്. നഗര പ്രദേശങ്ങളില്‍ തൊഴിലില്ലായ്മയുടെ വളരെ കൂടിയിട്ടുണ്ട്. 9 ശതമാനത്തില്‍ നിന്നും 20.8 ശതമാനമായി ഉയര്‍ന്നു.
അതേസമയം, സ്ഥിരം ശമ്പളമില്ലാത്തവരെയും, സ്വയം തൊഴില്‍ ചെയ്യുന്ന ഒരു വിഭാഗത്തെയും ജോലിക്കാരായി കണക്കാക്കിയിരുന്നതായും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരില്‍ പലര്‍ക്കും ജോലിയോ, സ്ഥിരവരുമാനമോ ഉണ്ടായിരുന്നില്ലെന്നും പഠനങ്ങളില്‍ കണ്ടെത്തി. ഇക്കാലയളവില്‍ ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനത്തില്‍ നിന്ന് 22.2 ശതമാനമായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലെ തൊഴില്‍ രഹിതരുടെ നിരക്ക് 15 ശതമാനത്തില്‍ നിന്ന് 50.3 ശതമാനമാണ്. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
പട്ടിക ജാതി-പട്ടിക വര്‍ഗ, മുസ്ലീം സമുദായം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണെന്നും പഠനം കണ്ടത്തി
രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവിഭാഗങ്ങള്‍ക്കിടയിലുള്ളവരെക്കാള്‍ പട്ടിക ജാതി-പട്ടിക വര്‍ഗം, മുസ്ലീം സമുദായം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണെന്നും പഠനം കണ്ടത്തി. മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കോവിഡിന് മുമ്പുള്ള പാദത്തില്‍ 9 ശതമാനമായിരുന്നു എങ്കിൽ നിലവില്‍ 17 ശതമാനമായി ഉയര്‍ന്നപ്പോള്‍ ലോക്ഡൗണിന് ശേഷം അത് വീണ്ടും ഉയര്‍ന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായത്, ഗ്രാമീണ മേഖലയിലെ മുസ്ലീംങ്ങള്‍ക്കിടയിലാണ്. 14 ശതമാനത്തില്‍ നിന്നും 31 ശതമാനമായാണ് ഉയര്‍ന്നത്. പഠനമനുസരിച്ച് പട്ടിക ജാതി- പട്ടിക വര്‍ഗക്കാരുടെയും ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനം മുതല്‍ 22 ശതമാനം വരെയും, 10 ശതമാനം മുതല്‍ 20 ശതമാനം വരെയുമാണ്.
അതേസമയം, ഓക്‌സ്ഫാം പഠനമനുസരിച്ച് 2020 ഏപ്രില്‍- ജൂണ്‍ മാസങ്ങളിലെ കണക്കുകളില്‍ പുരുഷന്‍മാരെക്കാള്‍ സ്ഥിരവരുമാനമുള്ള ജോലികള്‍ ലഭിച്ചിരിക്കുന്നത് സ്ത്രീകള്‍ക്കാണ്. നഗരപ്രദേശങ്ങളില്‍ സ്ഥിരം ജോലിചെയ്യുന്ന സ്ത്രീകളില്‍ വലിയൊരു വിഭാഗവും വീട്ടുജോലികളിലും, മറ്റു ജോലികളിലും ഏര്‍പ്പെട്ടിരുന്നവരാണ്.