10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കണം; നിര്‍ദേശവുമായി വിദഗ്ധ സമിതി

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കണം; നിര്‍ദേശവുമായി വിദഗ്ധ സമിതി

ഇലക്ട്രിക്, പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറണമെന്ന് ശുപാര്‍ശ
Updated on
1 min read

2027നകം 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധ സമിതി. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നിയോഗിച്ച സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്, പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.

സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ 2024 മുതല്‍ പുതിയവയെല്ലാം ഇലക്ട്രിക് ആയിരിക്കണം. 2030ഓടെ രാജ്യത്ത് ഇലക്ട്രിക് ബസുകള്‍ മാത്രമേ അനുവദിക്കാവൂ എന്ന നിര്‍ദേശവും ഈ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇവയെല്ലാം നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണെന്ന് തരുണ്‍ കപൂര്‍ അധ്യക്ഷനായ സമിതി നിര്‍ദേശിക്കുന്നു.

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ പരിഗണനയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024 മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കണം. ചരക്ക് നീക്കത്തിനായി ഗ്യാസ് ട്രക്കുകളും റെയില്‍വേകളെയും ഉപയോഗിക്കണമെന്നും പാനല്‍ ശുപാര്‍ശ ചെയ്യുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ പൂര്‍ണമായും വൈദ്യുതവത്കരിക്കും. അതിനാല്‍ ആ മേഖല കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ദീര്‍ഘദൂര ബസുകള്‍ കൂടുതല്‍ സമയം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും സമിതി നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നു. ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2027ല്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സമിതിയുടേത്.

ഇന്ത്യയില്‍ ഇന്ധന ഉപയോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും ഡീസലാണ്. അതിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് ഗതാഗത മേഖലയിലും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ 2035 ഓടെ നിരോധിക്കണമെന്നും പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്

logo
The Fourth
www.thefourthnews.in