ആകാശമാര്‍ഗവും ചൈനയുടെ പ്രകോപനം; ഡ്രോണുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
അരുണാചല്‍പ്രദേശില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനയുടെ വ്യോമാതിര്‍ത്തി ലംഘന ശ്രമം. ഡിസംബര്‍ 9ന് തവാങില്‍ ഇന്ത്യ - ചൈന സൈനികര്‍ ഏറ്റുമുട്ടുന്നതിന് മുന്‍പായിരുന്നു ചൈനയുടെ ഭാഗത്ത് നിന്ന് ആകാശമാര്‍ഗം പ്രകോപനമുണ്ടായത്. ചൈനീസ് ഡ്രോണുകള്‍ നിയന്ത്രണരേഖ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ഇന്ത്യയും വ്യോമ നിരീക്ഷണം ശക്തമാക്കി. യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കലുകള്‍ തുടരുകയാണ്. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ യുദ്ധവിമാനങ്ങള്‍ സജജമാക്കി. കൂടുതല്‍ ക്രമീകരണങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഈ മാസം ഒന്‍പതിന് നിയന്ത്രണരേഖയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗങ്ങളിലെയും സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലിലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ചൈനീസ് സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് തിരിച്ചടി നല്‍കുകയാണ് ചെയ്തത് എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. സംഘര്‍ഷത്തിന് പിന്നാലെ ഇരുസൈന്യവും നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍മാറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും നടക്കുന്നത്. തവാങ് സെക്ടറില്‍ ചൈനിസ് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുകയും ഇതിനെ ഇന്ത്യന്‍ സൈന്യം തടയുകയും ചെയ്തതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.