ചൈനീസ് അതിക്രമം പൊതുസുരക്ഷയെ ബാധിക്കും; യുഎന്‍ രക്ഷാ സമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യ
യു എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ ചൈനയുടെ അതിക്രമങ്ങൾക്ക് എതിരെ ശബ്ദമുയർത്തി ഇന്ത്യ. ചൈനയുടെ പേര് എടുത്തു പറയാതെയായിരുന്നു യു എന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജിന്റെ വിമർശനം. രാജ്യങ്ങളുടെ പൊതു സുരക്ഷ, ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും ഉറപ്പാക്കുന്നതിനെ പറ്റി തിങ്കളാഴ്ച നടന്ന ചർച്ചയ്ക്കിടെയാണ് പരാമർശം. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാൻ ഏകപക്ഷീയമായി ശ്രമിക്കുന്ന ചില രാജ്യങ്ങളുടെ നടപടി പൊതു സുരക്ഷയ്ക്കെതിരാണെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ചൈനയുടെ അധ്യക്ഷതയിലായിരുന്നു യോഗം സംഘടിപ്പിച്ചത് .
ഭീകരവാദം പോലുള്ള ഭീഷണികൾക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന് രുചിര കാംബോജ് പറഞ്ഞു. പ്രസംഗിക്കുമ്പോൾ ഒന്നും പിന്നീട് ചില സാഹചര്യങ്ങളിൽ മാത്രം വേറെ നിലപാടും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്, അതുണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020 മെയ് മുതൽ, കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിക്രമത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ പ്രസ്താവന പ്രാധാന്യമർഹിക്കുന്നത്.
"1990-ലെ ചൈനയുമായുള്ള കരാർ പ്രകാരം, സൈനികരെ കൂട്ടമായി അതിർത്തിയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. എന്നാൽ അത് ചൈന ലംഘിച്ചു. ഗാൽവൻ വാലിയിലെ പ്രശ്നം അങ്ങനെ തന്നെ തുടരുകയാണ്, അതിനിതുവരെയും പരിഹാരം ഉണ്ടായിട്ടില്ല" അദ്ദേഹം പറഞ്ഞു.
തർക്ക പരിഹാരത്തിനായി ഇന്ത്യയും ചൈനയും പതിനാറ് തവണയാണ് കോർപ്സ് കമാൻഡർ ലെവൽ ചർച്ചകൾ നടത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി ഉടമ്പടികൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്തിടെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ഈ പരാമര്‍ശത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു യുഎന്നില്‍ ഇന്ത്യന്‍ പ്രതിനിധിയുടെ വാക്കുകള്‍.