വിജയ പറക്കലില്‍ 'അഗ്നി-5'; ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ഇന്ത്യ

വിജയ പറക്കലില്‍ 'അഗ്നി-5'; ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ഇന്ത്യ

അഗ്നി-5 മുൻപും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്
Updated on
1 min read

ആണവ വാഹക ശേഷിയുള്ള അഗ്നി-5 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം. ഉയര്‍ന്ന കൃത്യതയോടെ 5,000 കിലോമീറ്റര്‍ ദൂരത്തേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലിന് ചൈനയുടെ മുഴുവന്‍ ദൂരപരിധിയും ലക്ഷ്യമിടാന്‍ സാധിക്കും. അഗ്നി- 5 മിസൈലില്‍ പുതുതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് നൈറ്റ് ട്രയല്‍ നടത്തിയത്.

അഗ്നി-5 മുൻപും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇത് ഒന്‍പതാം തവണയാണ് മിസൈല്‍ പരീക്ഷിക്കുന്നത്. 2012ലാണ് അഗ്നി-5 ആദ്യ പരീക്ഷണ വിക്ഷേപണം നടത്തിയത്. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021ല്‍ യൂസര്‍ ട്രയലും നടത്തി.

മണിക്കൂറില്‍ 29,401 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ അഗ്‌നി-5ന് സാധിക്കും. വ്യത്യസ്ത യുദ്ധമുഖങ്ങളിലേക്ക് റോഡ് മാര്‍ഗം ഇവയെ വിന്യസിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ആയുധ ശേഖരത്തിലെ ശക്തമായ സാന്നിദ്ധ്യമായിരിക്കും അഗ്നി-5. മിസൈലിന്റെ ദൂരപരിധി, ആവശ്യമെങ്കില്‍ ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് അഗ്നി-5ന് ഭാരം കുറവാണ്. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിൻ ഉപയോഗിക്കുന്ന ആണവ ശേഷിയുള്ള മിസൈൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് വികസിപ്പിച്ചെടുത്തത്. ഒരു മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടന്നത്.

പരീക്ഷണത്തിന് മുന്നോടിയായി ഇന്ത്യൻ സമുദ്രത്തിൽ മിസൈൽ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ചുള്ള നിർദേശം ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

കഴിഞ്ഞ വർഷം ജൂണിൽ, ഡിആർഡിഒ പുതിയ തലമുറ ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി പി വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അഗ്നി ക്ലാസ് മിസൈലുകളുടെ നൂതന വകഭേദമാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി-2, 2500 കിമീ പരിധിയിലുള്ള അഗ്നി-3, 3500 കിമീ പരിധിയുള്ള അഗ്നി -4 എന്നിവയാണ് ഈ ശ്രേണിയിലെ മുന്‍ഗാമികള്‍.

logo
The Fourth
www.thefourthnews.in