മികവ് തെളിയിച്ച് ഐഎൻഎസ് അരിഹന്ത്; ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം
ഇന്ത്യയുടെ സ്റ്റാറ്റർജിക് സ്ട്രൈക്ക് അന്തർവാഹിനി ഐ എൻ എസ് അരിഹന്തില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (എസ്എൽബിഎം) വിജയകരമെന്ന് പ്രതിരോധ മന്ത്രാലയം. വെള്ളിയാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ നിന്ന് മിസൈൽ വിക്ഷേപിച്ചത്. ബംഗാൾ ഉൾക്കടലിൽ നേരത്തെ തീരുമാനിച്ച ലക്ഷ്യസ്ഥാനത്തെ മിസൈൽ കൃത്യമായി തകർക്കുകയും, സംവിധാനത്തിന്റെ എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
INS അരിഹന്ത് (SSBN 80) S2 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ അന്തർവാഹിനിയാണ്.
ബംഗാൾ ഉൾക്കടലിൽ വെച്ച് നിയന്ത്രിത ദൂരത്തിലേക്കാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഇന്ത്യ നടത്തിയത്. ഐഎൻ എസ് അരിഹന്തിൽ നിന്നുള്ള എസ്എൽബിഎമ്മിന്റെ വിജയകരമായ പരീക്ഷണം സൈന്യത്തിന്റേതും ഡിആർഡിഒയുടെ സാങ്കേതിക വിദ്യയുടേയും മികവിനുള്ള തെളിവാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
INS അരിഹന്ത് (SSBN 80) S2 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ അന്തർവാഹിനിയാണ്. ഇന്ത്യയുടെ അരിഹന്ത് ക്ലാസിലെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളുടെ പ്രധാന കപ്പലാണിത്. തുറമുഖ നഗരമായ വിശാഖപട്ടണത്തിലെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (എടിവി) പദ്ധതിക്ക് കീഴിലാണ് INS അരിഹന്ത് നിർമ്മിച്ചത്.6,000 ടൺ ആണ് ഇതിന്റെ ഭാരം.
2009 ജൂലൈ 26-ന് വിജയ് ദിവസിന്റെ (കാർഗിൽ യുദ്ധ വിജയ ദിനം) വാര്ഷികത്തിൽ ആണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അരിഹന്ത് ലോഞ്ച് ചെയ്തത്. എന്നാൽ 2016ലാണ് ഇത് കമ്മീഷൻ ചെയ്തത്. സമ്പുഷ്ട യുറേനിയത്തെ ഇന്ധനമാക്കിയുള്ള 83 മെഗാവാട്ട് മർദ്ദത്തിലാണ് ലൈറ്റ് വാട്ടർ റിയാക്ടർ അന്തർവാഹിനിയെ പ്രവർത്തിപ്പിക്കുന്നത്.