'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.
Updated on
2 min read

വിവാദങ്ങള്‍ക്കും, വിലക്കുകള്‍ക്കുമിടെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ക്യമ്പസിലെ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുളള ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രദര്‍ശനം. ഫെറ്റേണിറ്റി മൂവിമെന്റ് എച്ച്‌സിയു യൂണിറ്റ് എന്ന പേരിലുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മയായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. ഗ്രൂപ്പിലെ അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, ക്യാമ്പസില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികരണം.

അതേസമയം, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രദര്‍ശനത്തിന് അനുമതി നേടിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതി ലഭിച്ചതിന് ശേഷമാണ് ഇത്തരം ഒരു നീക്കം നടക്കുന്നതായി അറിഞ്ഞതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട് എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നു. വിഷയത്തിൽ സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍
'ഗുജറാത്ത് കലാപം മുസ്ലീങ്ങളെ പുറത്താക്കാൻ' ബ്രിട്ടൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്, മോദിക്കെതിരെ ഗുരുതര കണ്ടെത്തൽ

എന്നാൽ, നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നാണ് സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ നിലപാട്. മാത്രമല്ല ഡോക്യുമെന്ററിക്ക് വിലക്ക് വരുന്നതിന് മുന്‍പ് തന്നെ ക്യാമ്പസിൽ സ്ക്രീനിങ് സംഘടിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കയാണ് ഇന്നലെ രാത്രി ഹൈദ്രബാദ് സർവകലാശാലയിൽ ഒന്നാം ഭാ​ഗം പ്രദർശിപ്പിച്ചത്.

ഡല്‍ഹി ജെഎൻയുവിൽ ഇന്ന് ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുമെന്ന് നേരത്തെ യൂണിയൻ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദർശനം റദ്ദാക്കണമെന്ന് സർവകലാശാല അഡ്മിനിസ്ട്രേഷൻ യൂണിയനോട് ആവശ്യപ്പെടുകയും പ്രദര്‍ശനത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു ജെഎൻയു സ‍ര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം റദ്ദാക്കണമെന്നും പരിപാടിക്ക് അനുവാദം നൽകിയിട്ടില്ലെന്നും കാണിച്ചാണ് സർവകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്യാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്ന നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ, ഡോക്യുമെന്ററി നിയമപരമായി നിരോധിച്ചിട്ടില്ലാത്തതിനാൽ പ്രദർശനം നടത്തുമെന്ന നിലപാടിലാണ് സ്റ്റുഡന്റസ് യൂണിയൻ.

'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'; രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യാൻ ബിബിസി, പ്രദർശന വിലക്കേര്‍പ്പെടുത്തി ജെഎന്‍യു

അതേസമയം, ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും അറിയിച്ചു. ഡിവൈഎഫ്‌ഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പറഞ്ഞു.ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എന്നാല്‍, കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി രംഗത്ത് വന്നു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. 2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. ഇതിന്റെ പിന്നാലെ രാജ്യത്ത് പ്രദർശനം നടത്താൻ സർക്കാർ അനുവദിച്ചിരുന്നില്ല. ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും യൂട്യൂബിലുമുളള പ്രദർശനം തടയുന്നതിനായി സർക്കാർ നിർദേശം നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in