ചൈന അതിർത്തിയോട് ചേർന്ന് ലഡാക്ക് മേഖലയില്‍ സിവിലിയൻ വിമാനത്താവളം; കരാർ ക്ഷണിച്ചു, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

ചൈന അതിർത്തിയോട് ചേർന്ന് ലഡാക്ക് മേഖലയില്‍ സിവിലിയൻ വിമാനത്താവളം; കരാർ ക്ഷണിച്ചു, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി അസ്വാരസ്യങ്ങൾ തുടരുന്ന മേഖലയാണിത്
Updated on
1 min read

ചൈനയുമായി തർക്കത്തിലുള്ള ലഡാക്കിലെ നുബ്ര മേഖലയിലെ തോയ്‌സ് എയർബേസിൽ പുതിയ സിവിലിയൻ ടെർമിനലിനുള്ള പണികൾ ഇന്ത്യൻ സർക്കാർ നടത്തുന്നതായി റിപ്പോർട്ട്. ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് വാർത്ത പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി അസ്വാരസ്യങ്ങൾ തുടരുന്ന മേഖലയാണിത്.

സായുധ സേനകൾക്ക് മാത്രമായുള്ള റൺവേ സജ്ജീകരിച്ചിരിക്കുന്ന വ്യോമതാവളമാണ് തോയിസ്. ഇന്ത്യ -ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് അടുത്താണിത്. ദേശീയ വ്യോമയാന നയത്തിന്റെ ഭാഗമായുള്ള UDAN സ്കീമിന് കീഴിൽ ലേയിൽനിന്ന് കുറച്ച് സിവിലിയൻ വിമാനങ്ങൾ ഇവിടെയെത്തി എന്നതൊഴിച്ചാൽ സൈന്യം മാത്രമാണ് ഈ വ്യോമത്താവളം ഉപയോഗിക്കുന്നത്. ഇവിടേക്ക് കൂടുതൽ യാത്ര സൗകര്യം ഒരുക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി സംയോജിത പാസഞ്ചർ ടെർമിനൽ നിർമിക്കാൻ കരാറുകൾ ക്ഷണിച്ചിട്ടുണ്ട്.

തോയ്‌സ്
തോയ്‌സ്

പണി പൂർത്തിയായാൽ ലഡാക്കിലെ രണ്ടാമത്തെ സിവിലിയൻ വിമാനത്താവളമായി തോയ്‌സ് മാറും. അതിർത്തിക്ക് സമീപമുള്ള മേഖലകളിലേക്ക് വരെ വിമാന യാത്ര സൗകര്യം ഒരുക്കുക എന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തലുകൾ. 130 കോടി ചെലവാണ് പദ്ധതിക്കായി കണക്കാക്കുന്നത്. 5300 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഡൊമസ്റ്റിക് പാസഞ്ചർ ടെർമിനലാണ് ആലോചനയിലുള്ളത്.

ആധുനിക ഘടനയുമായി പൊരുത്തപ്പെടുന്നതും പ്രാദേശിക വാസ്തുവിദ്യ, സംസ്കാരം, കല, പൈതൃകം എന്നിവ ചിത്രീകരിക്കുന്നതുമായ സൗന്ദര്യാത്മകവും ശാന്തവുമായ ഇൻ്റീരിയർ ഡെക്കറേഷൻ കെട്ടിടത്തിന് നൽകണമെന്നാണ് കരാർ ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.

ചൈന അതിർത്തിയോട് ചേർന്ന് ലഡാക്ക് മേഖലയില്‍ സിവിലിയൻ വിമാനത്താവളം; കരാർ ക്ഷണിച്ചു, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
ചൈനയെയും പാകിസ്താനെയും ഞെട്ടിക്കാൻ ഇന്ത്യ; അതിര്‍ത്തിയില്‍ പത്ത് ദിവസത്തെ വ്യോമാഭ്യാസം, യുദ്ധവിമാനങ്ങള്‍ അണിനിരക്കും

സിവിലിയൻ വിമാനങ്ങൾക്കായി ടെർമിനലുകളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വരുന്ന 28 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിരുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് തോയ്‌സിൽ ഒരു സിവിലിയൻ വിമാനത്താവളം വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. പുതിയ ടെർമിനൽ കെട്ടിടത്തിൽ പുറപ്പെടൽ, എത്തിച്ചേരൽ ഏരിയകൾ, സെക്യൂരിറ്റി ഹോൾഡ് ഏരിയകൾ, സിവിൽ എൻക്ലേവിൽ മറ്റ് സൗകര്യങ്ങളും ഉണ്ടാകും. തോയ്‌സിലെ സിവിലിയൻ വിമാനത്താവളത്തിനായി ലഡാഖ് എം പി ജാമ്യങ് സെറിങ് നംഗ്യാൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അതിനായി വ്യോമയാന മേധാവികളെ കാണുകയും വിമാനസേവനങ്ങൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in